100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ; ജയിലർ വിജയാഘോഷത്തിൽ കാരുണ്യ സ്പർശവുമായി സൺ പിക്ചേഴ്സ്.

Advertisement

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രം ഇപ്പോൾ അതിന്റെ ആഗോള തീയേറ്റർ പ്രദർശനത്തിന്റെ അവസാന പാദത്തിലാണ്. നെൽസൺ ദിലീപ് കുമാർ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ഇതിനോടകം 600 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസറും, സൺ പിക്ചേഴ്സിന് ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുത്ത ചിത്രവുമാണ്. അതിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി ചിത്രത്തിന്റെ ലാഭവിഹിതവും ഓരോ ആഡംബര കാറുകളും വീതം, സൂപ്പർസ്റ്റാർ രജനികാന്ത്, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർക്കായി സൺ പിക്ചേഴ്സ് നൽകിയിരുന്നു. ഇപ്പോഴിതാ ആ വിജയാഘോഷത്തിൽ കാരുണ്യത്തിന്റെ സ്പർശം കൂടി കൊണ്ട് വന്നിരിക്കുകയാണ് ഈ നിർമ്മാതാക്കൾ.

സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന 100 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി അപ്പോളോ ഹോസ്പിറ്റലിന് 1 കോടി രൂപയുടെ ചെക്ക് ആണ് സൺ പിക്ചേഴ്സ് കൈമാറിയത്. സൺ പിക്ചേഴ്സ് ഉടമകളിലൊരാളായ മിസിസ് കാവേരി കലാനിധിയാണ് ഈ ചെക്ക് അപ്പോളോ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പ്രതാപ് റെഡ്ഢിക്ക് കൈമാറിയത്. ജയിലർ വിജയത്തിന്റെ ഭാഗമായി കൂടുതൽ ചാരിറ്റി സൺ പിക്‌ചേഴ്‌സിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാമെന്നും അവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ എന്നിവർ അതിഥി വേഷത്തിലെത്തിയ ജയിലറിൽ മലയാളി താരം വിനായകനാണ് വില്ലനായെത്തിയത്.

Advertisement
Advertisement

Press ESC to close