അല്ലു അർജുന്റെ പുഷ്പ രാജ് ഭരണം വീണ്ടും; റിലീസ് തീയതി ഉറപ്പിച്ച് പുഷ്പ 2 .

Advertisement

തെലുങ്കിലെ സ്റ്റൈലിഷ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ന്റെ റിലീസ് തീയതി അറിയാനുള്ള ആകാംഷയിലായിരുന്നു തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും. ഇപ്പോഴിതാ ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. 2024 , ആഗസ്ത് 15 ആം തീയതി, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിലാണ് പുഷ്പ 2 പ്രേക്ഷകരുടെ മുന്നിലെത്തുക. ഹിറ്റ് മേക്കർ സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ഭാഗം പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. പുഷ്പ രാജ് എന്ന് പേരുള്ള ചന്ദനക്കടത്തുകാരനായി ഇതിൽ വേഷമിട്ട അല്ലു അർജുന്, ഇതിലെ ഗംഭീര പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും നേടാൻ സാധിച്ചിരുന്നു. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി വേഷമിട്ടത്.

പുഷ്പ 2 വരുമ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്നത് അല്ലു അർജുന്റെ പുഷ്പ രാജ് എന്ന കഥാപാത്രവും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർ സിംഗ് ശെഖാവത് എന്ന കഥാപാത്രവും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനാണ്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ പുഷ്പക്ക് രണ്ടാം ഭാഗം വരുമ്പോൾ ആയിരം കോടിയോളം വരുമാനമാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നതെന്നാണ് സൂചന. പുഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്റെ ഉയർച്ചയാണ് ആദ്യ ഭാഗത്തിൽ കാണിച്ചതെങ്കിൽ, ആ കഥാപാത്രത്തിന്റെ അധികാരവും വാഴ്ചയും കാണിക്കാൻ പോകുന്ന ഒന്നാണ് ഈ രണ്ടാം ഭാഗം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close