
ജൂൺ 30 നാണു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞ ഈ ചിത്രം ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത് വമ്പൻ ബോക്സ് ഓഫീസ് വിജയത്തിലേക്കാണ്. വെറും 4 ദിവസം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ 6 കോടി 31 ലക്ഷം രൂപയാണ്.
ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുതിക്കുന്നത്. 16 കോടിയിലധികം കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടിയ മഹേഷിന്റെ പ്രതികാരമാണ് ഇതുവരെയുള്ള ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ്. 20 കോടിയോളമാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ ടോട്ടല്‍ ബിസിനസ്.
മഹേഷിന്റെ പ്രതികാരവും സംവിധാനം ചെയ്തത് ദിലീഷ് പോത്തനാണ് എന്നതാണ് മറ്റൊരു സവിശേഷത. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മഹേഷിന്റെ പ്രതികാരം തീയേറ്ററുകളിൽ എത്തിയത്. ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച മഹേഷിന്റെ പ്രതികാരം. മികച്ച തിരക്കഥക്കും അതുപോലെ മികച്ച മലയാള ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.
മഹേഷിന്റെ പ്രതികാരം നിർമ്മിച്ചത് സംവിധായകനായ ആഷിക് അബു ആയിരുന്നെങ്കിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിർമ്മിച്ചിരിക്കുന്നത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് തോമസും ചേർന്നാണ്. ശ്യാം പുഷ്ക്കരൻ ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയി ദിലീഷ് പൊതിനൊപ്പം ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
സുരാജ് വെഞ്ഞാറമ്മൂട്, അലെൻസിയർ എന്നിവരുടെയും മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ പ്രകടനം പോലെ തന്നെ സുരാജിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.
കേരള പോലീസിൽ നിന്ന് സിനിമയിലെത്തിയ പോലീസുകാരും തങ്ങളുടെ ഭാഗം ഏറ്റവും മികച്ചതാക്കിയത് ഈ ചിത്രത്തിന്റെ മികവ് കുറച്ചൊന്നുമല്ല വർധിപ്പിച്ചത്. ബിജിപാലിന്റെ മനോഹര സംഗീതവും രാജീവ് രവി ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം. ഇതോടൊപ്പം ഫഹദ് ഫാസിൽ നായകനായ റോൾ മോഡൽസ് എന്ന ചിത്രവും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.