സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ജയിലർ തമിഴിലെ ഇൻഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പ് തുടരുന്നു. ഇപ്പോഴും തമിഴ്നാട്ടിൽ നിന്ന് വമ്പൻ കളക്ഷൻ നേടുന്ന ഈ ചിത്രം ഏതാനും ആഴ്ചകൾ കൂടി അവിടെ നിന്ന് മികച്ച കളക്ഷൻ നേടുമെന്നുള്ള ട്രെൻഡാണ് ഇപ്പോൾ കാണിക്കുന്നത്. അതിനിടയിൽ കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം വിക്രം നേടിയ തമിഴ്നാട് കളക്ഷനും ജയിലർ പിന്നിട്ട് കഴിഞ്ഞു. ഓഗസ്റ്റ് 29 കഴിയുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ജയിലർ. 182 കോടി തമിഴ്നാട് കളക്ഷൻ നേടിയ വിക്രത്തെയാണ് ജയിലർ പിന്നിട്ടത്.
ഇനി ജയിലറിന് മുന്നിലുള്ളത് 220 കോടിക്ക് മുകളിൽ തമിഴ്നാട് കളക്ഷൻ നേടിയ മണി രത്‌നത്തിന്റെ മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവനാണ്. അത് കൂടി മറികടന്ന് തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ഈ സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം അവരോധിക്കപെടുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ ആരാധകരും പ്രേക്ഷകരും. ആഗോള കളക്ഷനായി 570 കോടി പിന്നിട്ട ജയിലർ, 600 കോടി ആഗോള കളക്ഷൻ നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമെന്ന റെക്കോർഡ് കൂടിയാണ് ലക്‌ഷ്യം വെക്കുന്നത്. രജനികാന്ത് തന്നെ നായകനായ ശങ്കർ ചിത്രമായ 2.0 ആണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ഒരേയൊരു തമിഴ് ചിത്രം. മലയാളി താരം വിനായകൻ വില്ലൻ വേഷം ചെയ്ത ജയിലറിൽ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. സൺ പിക്‌ചേഴ്‌സാണ് ഈ മാസ്സ് ആക്ഷൻ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്