മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ മികച്ച കുതിപ്പ് നടത്തുന്ന ഈ ചിത്രം ഒൻപത് ദിവസം പിന്നിടുമ്പോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ഇതിനോടകം ഈ ചിത്രം നേടിയത്. കഴിഞ്ഞ വർഷവും ഭീഷ്മ പർവ്വം എന്ന അമൽ നീരദ് ചിത്രത്തിലൂടെയും മമ്മൂട്ടി 50 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ, ലൂസിഫർ, കുറുപ്പ്, ഭീഷ്മ പർവ്വം, 2018 , ആർഡിഎക്സ് എന്നിവക്ക് പിന്നിലായി കണ്ണൂർ സ്‌ക്വാഡ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അത് കൂടാതെ ഈ വർഷം 50 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് കണ്ണൂർ സ്‌ക്വാഡ്.
രോമാഞ്ചം, 2018 , ആർഡിഎക്സ് എന്നിവയാണ് ഈ വർഷം ഈ നേട്ടം കൈവരിച്ച മറ്റ് മലയാള ചിത്രങ്ങൾ. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിച്ചതിൽ ഏറ്റവും വലിയ ഹിറ്റും കൂടിയാണ് കണ്ണൂർ സ്‌ക്വാഡ്. നാല്പത് കോടിയോളം ആഗോള ഗ്രോസ് നേടിയ മമ്മൂട്ടി കമ്പനിയുടെ റോഷാക്കിനെയാണ് കണ്ണൂർ സ്‌ക്വാഡ് പിന്തള്ളിയത്. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് രചിച്ച ഈ റിയലിസ്റ്റിക് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, വിജയരാഘവൻ, കിഷോർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.