ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗായത്രി സുരേഷ്. 2015 ല്‍ ജമ്നപ്യാരിയിലൂടെ സിനിമയിൽ എത്തിയ ഗായത്രി പിന്നീട് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചാണ് ജനപ്രീതി നേടിയത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി, ചില വിവാദങ്ങളിലൂടെയും ട്രോളുകളിലൂടെയും നിറഞ്ഞു നിൽക്കുകയും ചെയ്തു. ഏതായാലും ഇപ്പോൾ ഗായത്രി സുരേഷ് പ്രധാന വേഷം ചെയ്ത ഉത്തമി എന്ന ചിത്രത്തിലെ സോങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഓഗസ്റ്റ് പന്ത്രണ്ടിനാണ് ഈ ചിത്രം തീയേറ്ററുകളിലെത്തിയത്. കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ നാടോടിയായ ഉത്തമി എന്ന സ്ത്രീയുടെ മകളായ പവിത്രയുടെ ശക്തമാർന്ന ജീവിതമാണ് ഈ ചിത്രം പറയുന്നത്.
ഇതിലെ കണ്ണീരും ചിരികളുമെന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി ഈണം നൽകിയ ഈ ഗാനം രചിച്ചത് വയലാർ ശരത്ചന്ദ്ര വർമ്മയാണ്. മാതംഗി അജിത്കുമാറാണ് ഈ ഗാനമാലപിച്ചത്. ഒരു നാട്ടിന്പുറത്തുകാരിയായുള്ള ഗെറ്റപ്പിലാണ് ഈ ഗാനത്തിൽ നമ്മുക്ക് ഗായത്രി സുരേഷിനെ കാണാൻ സാധിക്കുന്നത്. എസ് പി സുരേഷ് കുമാർ തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ചിത്രം സംവിധാനം ചെയ്ത ഈ ചിത്രം, എസ് എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ കെ സെൻ താമരയ് സെൽവിയാണ് നിർമ്മിച്ചിരിക്കുന്നത്. രാജി മേനോൻ, ഷാജി നാരായണൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്,വിനോദ്, അജിത്കുമാർ എം, സനൽ,രാജേഷ്, രമേശ്, അനുപമ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ചായാഗ്രഹണം നിർവഹിച്ചത് രാഹുൽ സി വിമല, എഡിറ്റ് ചെയ്തത് സലീഷ് ലാൽ എന്നിവരാണ്.