ടോവിനോ തോമസിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. മികച്ച വിജയം നേടിയ മായാനദി, നിരൂപക പ്രശംസ നേടിയ നാരദൻ എന്നിവക്ക് ശേഷം ഇവർ ഒന്നിച്ച ഈ പുതിയ ചിത്രം, 1964 ഇൽ പുറത്തു വന്ന ഭാർഗവി നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയുമുള്ള ഭാർഗവീനിലയം അന്ന് സംവിധാനം ചെയ്തത് എ വിൻസെന്റാണ്. മധു, പ്രേം നസീർ, വിജയ നിർമല എന്നിവരാണ് ഭാർഗവി നിലയത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ആഷിഖ് അബു ഒരുക്കിയ നീല വെളിച്ചം എന്ന ഈ പുനരാവിഷ്ക്കാരത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത് ടോവിനോ തോമസ്, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവരാണ്.
ഇപ്പോഴിതാ പഴയ ചിത്രത്തിലെ ഒരു ക്ലാസിക് ഗാനവും ഇപ്പോൾ പുതിയ ചിത്രത്തിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. പി ഭാസ്കരൻ വരികൾ രചിച്ച്, എം എസ് ബാബുരാജ് ഈണം പകർന്ന ഏകാന്തതയുടെ മഹാതീരം എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറായി ഈ ഗാനത്തിൽ നമ്മുക്ക് ടോവിനോ തോമസിനെ കാണാൻ സാധിക്കും. അനുരാഗ മധുചഷകം എന്ന വരികളോടെ ആരംഭിക്കുന്ന ഭാർഗവി നിലയിലെ മറ്റൊരു ഗാനവും നേരത്തെ പുത്തൻ ഭാവത്തിൽ റിലീസ് ചെയ്തിരുന്നു. റിമ കല്ലിങ്കലാണ് ആ ഗാനരംഗത്തിൽ എത്തിയത്. രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി, അഭിരാം എന്നിവരും വേഷമിട്ട നീല വെളിച്ചം, ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിക് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നിർമ്മിച്ചത്. ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം, എഡിറ്റ് ചെയ്തത് സൈജു ശ്രീധരൻ, ഇതിന് സംഗീതമൊരുക്കിയത് ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്നുമാണ്.