
ഉത്സവപ്പറമ്പിലെ ഗാനമേളയിൽ നന്നായി പൂസായി നൃത്തമാടുന്ന ഒരു ശരാശരി മലയാളി… നാട്ടിൻപുറത്തെ കുടിയന്റെ നൃത്തച്ചുവടുകൾ തന്മയത്വത്തോടെ അവതരിപ്പിച്ച ചാക്കോച്ചന്റെ ‘ദേവദൂതർ പാടി…’ എന്ന ഗാനമാണ് ഇപ്പോൾ ട്രെൻഡ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത, ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ പുനരവതരിപ്പിച്ച ‘ദേവദൂതർ പാടി…’ ഗാനം ഒരാഴ്ച കടക്കുമ്പോൾ ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. പാട്ടിന്റെ ചുവട് പിടിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസുകളായും മറ്റും ഇതിന്റെ ഒട്ടേറെ വേർഷനുകളും ഇറങ്ങുന്നുണ്ട്. വീഡിയോ ഗാനം 1 കോടി വ്യൂസ് സ്വന്തമാക്കിയ സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
പ്രൊഫഷണൽ ഡാൻസറായിരുന്നിട്ടും, കുടിയന്റെ ഡാൻസ് കുഞ്ചാക്കോ ബോബൻ വളരെ ഒറിജിനാലിറ്റിയിൽ അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഒപ്പം, 37 വർഷങ്ങൾക്ക് മുൻപ് കാതോട് കാതോരം എന്ന സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ ഗാനം അതേ ഈണത്തിൽ ബിജു നാരായണൻ പാടിയതിനും അഭിനന്ദപ്രവാഹം ഉയരുന്നു.
ചാക്കോച്ചന്റെ ഡാൻസ് തംരഗമായതോടെ സിനിമയ്ക്കായും പ്രേക്ഷകർ അതിയായ ആകാംക്ഷയിലാണ്. മാത്രമല്ല സിനിമയുടെ ടൈറ്റിലും ടീസറും മുൻപ് ഇറങ്ങിയ വീഡിയോ ഗാനവുമെല്ലാം പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടുന്നു. കുഞ്ചാക്കോ ബോബന്റെ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രം ഒരു ചെറിയ പ്രശ്‌നവുമായി കോടതിയെ സമീപിക്കുന്നതും, തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ. വിക്രം ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായത്രി ശങ്കറാണ് നായിക. കൂടാതെ, ബേസില്‍ ജോസഫും ഉണ്ണിമായയും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം സംവിധായകന്‍ രതീഷ് പൊതുവാളും, നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിനായി ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനവും, വൈശാഖ് സുഗുണന്‍ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റർ. ബോളിവുഡ് ഛായാഗ്രഹകൻ രാകേഷ് ഹരിദാസ് ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നു. ജോതിഷ് ശങ്കറാണ് കലാസംവിധായകൻ. ഈ മാസം 11ന് ചിത്രം റിലീസിനെത്തും.