മലയാളത്തിന്റെ യശസ്സുയർത്തി ചാക്കോച്ചന്റെ ‘അറിയിപ്പ്’; ലൊക്കാർണോയിൽ സിനിമ പ്രദർശിപ്പിച്ചു

Advertisement

ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന്റെ യശസ്സുയർത്തി കുഞ്ചാക്കോ ബോബന്റെ ‘അറിയിപ്പ്’. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിർവഹിച്ച അറിയിപ്പ് 75-ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യമായാണ് ഒരു മലയാള സിനിമ ഈ ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിൽ എത്തുന്നത്.

‘അറിയിപ്പിന് ലഭിച്ച അഭിനന്ദനപ്രവാഹങ്ങൾക്കും, പോസിറ്റീവ് റെസ്പോൺസുകൾക്കും നന്ദി.
ഈ സിനിമയ്‌ക്കായി ഞങ്ങളുടെ 100 ശതമാനത്തിലധികവും നൽകിയിട്ടുണ്ട്. പ്രേക്ഷകരിൽ നിന്ന് ഇതിന്റെ അനുഭവങ്ങൾ ലഭിക്കുമ്പോൾ, ഇത് ഒരു സ്വപ്നം പോലെ തോന്നുന്നു,’ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചുകൊണ്ട് ചിത്രത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിന്റെ സന്തോഷം ചാക്കോച്ചൻ തന്നെയാണ് പങ്കുവച്ചത്. ഒപ്പം ഫെസ്റ്റിവലിന്റെ കലാസംവിധായകനും പ്രശസ്ത സിനിമാനിരൂപകനുമായ ജിയോണ നസ്സാരോയുടെ പ്രശംസയ്ക്കും സമീപനത്തിനും താരം നന്ദി പറഞ്ഞു. സിനിമയുടെ സംവിധായകൻ മഹേഷ് നാരായണനും, നായിക ദിവ്യ പ്രഭയ്ക്കും, സഹപ്രവർത്തകർക്കുമൊപ്പം ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ചിത്രവും താരം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement

ലോകത്തിന്‍റെ പല ഭാഗത്ത് നിന്നുമുള്ള 2500ഓളം സിനിമാപ്രേമികള്‍ തിങ്ങിനിറഞ്ഞ തിയേറ്ററിൽ സിനിമ പ്രദർശിപ്പിച്ച സന്തോഷവും, ചിത്രം അവസാനിച്ചപ്പോള്‍ ലഭിച്ച നിലയ്ക്കാത്ത കരഘോഷത്തിന്റെ അനുഭവവും ചാക്കോച്ചൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയാ സ്റ്റുഡിയോ, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ് അറിയിപ്പ് നിർമിച്ചിരിക്കുന്നത്. ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തിലും, ലൊക്കാര്‍ണോ ചലച്ചിത്ര മേളയുടെ 75-ാം എഡിഷനിലുമാണ് ചിത്രം സ്വപ്നനേട്ടം കൈവരിച്ചതെന്ന പ്രത്യേകതയുമുണ്ട്.

നോയിഡയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളിലൂടെയാണ് അറിയിപ്പ് സഞ്ചരിക്കുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയ്ക്കും പുറമെ ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, ലവ് ലിന്‍ മിശ്ര, കണ്ണന്‍ അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. അതേ സമയം, 17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. മേളയിൽ പ്രദർശിപ്പിച്ച മറ്റൊരു മലയാളചിത്രമാകട്ടെ അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് ആണ്. എന്നാൽ, സിനിമ മത്സരവിഭാഗത്തിലേക്ക് ആയിരുന്നില്ല തെരഞ്ഞെടുക്കപ്പെട്ടത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close