പൃഥ്വിരാജ്- ഷാജി കൈലാസ് ടീമിന്റെ കടുവ; റിവ്യൂ വായിക്കാം

Advertisement

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പക്കാ മാസ്സ് എന്റെർറ്റൈനെറുകൾ എല്ലാ സിനിമാ ഇൻഡസ്ട്രിയിലും നിർമ്മിക്കപ്പെടുന്ന ഒന്നാണ്. താരങ്ങളുടെ ആരാധകരെ തൃപ്തരാക്കാൻ സാധിച്ചാൽ തന്നെ ആ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് വിജയം നേടാൻ സാധിക്കാറുണ്ട്. അടുത്തിടെയായി മലയാളത്തിൽ അത്തരം ചിത്രങ്ങൾ കുറവാണെങ്കിലും, മലയാള സിനിമയിലും അത്തരം തട്ടു പൊളിപ്പൻ ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ കഴിവുള്ളവർ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരാളാണ് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ ഭാഷ തന്നെ മാറ്റിയെഴുതിയ സംവിധായകരിലൊരായ ഷാജി കൈലാസ്. ഒരു വലിയ ഇടവേളയ്ക്കു ശേഷം തന്റെ ശൈലിയിൽ ഒരു മെഗാ മാസ്സ് ആക്ഷൻ ചിത്രമൊരുക്കികൊണ്ട് ഷാജി കൈലാസ് തിരിച്ചു വരികയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത കടുവ വലിയ ഹൈപ്പോടു കൂടിയാണ് ഇന്ന് തീയേറ്ററുകളിലെത്തിയത്. ജിനു എബ്രഹാം രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവരാണ്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ കോട്ടയം പാലായിലും പരിസര പ്രദേശത്തുമായി നടക്കുന്ന കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നതു. പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന കടുവക്കുന്നേൽ കുര്യച്ചനും, വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന ജോസഫ് ചാണ്ടി എന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ നേർക്ക് നേർ വരുന്നതോടെയാണ് ഈ ചിത്രം ട്രാക്കിലാവുന്നതു. ഒരേ ഇടവകയിലെ രണ്ടു വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട ഇവർ തമ്മിൽ ഒരു പള്ളിക്കാര്യവുമായി ബന്ധപ്പെട്ട് പള്ളി മുറ്റത്തു വെച്ചു നടക്കുന്ന സംഘർഷം, വലിയ കുടിപ്പകയിലേക്ക് നീങ്ങുകയാണ്. അതിന് ശേഷം കുര്യച്ചനെ തകർക്കാൻ, തന്റെ അധികാരം ഉപയോഗിച്ച് ജോസഫ് ചാണ്ടി ശ്രമിക്കുന്നതും, അതിനു കുര്യച്ചൻ കൊടുക്കുന്ന തിരിച്ചടികളുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്.

Advertisement

ഒരു തികഞ്ഞ മാസ്സ് മസാല എന്റെർറ്റൈനെർ ഒരുക്കുകയെന്ന ലക്‌ഷ്യം, തന്റെ തിരിച്ചു വരവിൽ വളരെ വിജയകരമായി തന്നെ ഷാജി കൈലാസ് പൂർത്തിയാക്കിയിട്ടുണ്ട് എന്ന് പറയാൻ സാധിക്കും. വളരെ ആവേശകരമായ ഒരു കഥയും അതിനു യോജിച്ച തിരക്കഥയുമൊരുക്കിയ ജിനു എബ്രഹാമാണ് ആദ്യമേ അഭിനന്ദനം അർഹിക്കുന്ന വ്യക്തി. ഒരു പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ചേരുവകളും കൃത്യമായ അളവിൽ കൂട്ടി യോജിപ്പിച്ചാണ് ജിനു എബ്രഹാം ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദ്യാവസാനം പ്രേക്ഷകനെ രസിപ്പിക്കുന്ന ഘടകങ്ങൾ നിറച്ച കഥാ സന്ദർഭങ്ങൾ കൊണ്ട് നിറഞ്ഞ തിരക്കഥയെ, കിടിലൻ മേക്കിങ്ങിലൂടെ ഷാജി കൈലാസ് എന്ന മാസ്റ്റർ കൂടുതൽ ആവേശകരമാക്കി മാറ്റി. ഒരേ സമയം ആരാധകരെ ത്രസിപ്പിക്കുകയും, മറ്റു പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളാൽ സമൃദ്ധമാണ് കടുവ. ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ സംവിധായകൻ വിജയിച്ചപ്പോൾ, മികച്ച സംഭാഷണങ്ങളും മാസ്സ് രംഗങ്ങളും കൊണ്ട് ചിത്രം ആരാധകരുടെ പ്രതീക്ഷകൾക്കുമപ്പുറമാണ് പോയത്. ഷാജി കൈലാസിന്റെ സിഗ്നേച്ചർ സ്റ്റൈലിൽ തന്നെ, സംഘട്ടന രംഗങ്ങൾ ഗംഭീരമായി ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ഒരുപക്ഷെ പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ പ്രകടനം ആയിരിക്കാം ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നതു.

കടുവക്കുന്നേൽ കുര്യൻ ആയുള്ള പൃഥ്വിരാജ് സുകുമാരന്റെ മാസ്സ് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിൽ ഒന്ന്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ഡയലോഗ് ഡെലിവെറിയും ആക്ഷൻ പ്രകടനവുമായിരുന്നു പൃഥ്വിരാജ് കാഴ്ച വെച്ചത്. പൃഥ്വിരാജ് തന്റെ കഥാപാത്രത്തിന് കൊടുത്ത എനർജിയും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസുമായിരുന്നു കടുവയുടെ നട്ടെല്ലെന്നു പറയാം. ആരാധകർ ഏറെ കാണാൻ ആഗ്രഹിച്ച ഒരു മാസ്സ് ഹീറോ ആയാണ് പൃഥ്വിരാജ് സുകുമാരനെ ഈ ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ജോസഫ് ചാണ്ടിയെന്ന എന്ന മാസ്സ് പോലീസ് ഓഫീസർ കഥാപാത്രം പ്രേക്ഷകരുടെ കയ്യടി വാരി കൂട്ടയപ്പോൾ, മിന്നുന്ന പ്രകടനം കാഴ്ച വെച്ച മറ്റു ചിലർ കലാഭവൻ ഷാജോൺ, അലെൻസിയർ,ബൈജു എന്നിവരാണ്. നായികാ വേഷം ചെയ്ത സംയുക്ത മേനോൻ ശ്രദ്ധ നേടിയപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, പ്രിയങ്ക നായർ, വൃദ്ധി വിശാൽ, ജൈസ് ജോസ്, സുരേഷ് കൃഷ്ണ, ഇന്നസെന്റ്, ജോയ് മാത്യു, ശിവജി ഗുരുവായൂർ എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവർ ചേർന്നൊരുക്കിയ ദൃശ്യങ്ങൾ ഒരു ലോക്കൽ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ അന്തരീക്ഷമൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചപ്പോൾ, ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തെ ഒരു ഗംഭീര വിനോദ സിനിമയാക്കി മാറ്റുന്നതിൽ സഹായിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ചിത്രത്തെ വേഗതയോടെ മുന്നോട്ട് പോകാൻ സഹായിച്ചു. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാതെ മുന്നോട്ടു നീങ്ങിയ ചിത്രം സാങ്കേതികമായും നിലവാരം പുലർത്തി.

ചുരുക്കി പറഞ്ഞാൽ എല്ലാം മറന്നു രസിച്ചു ത്രില്ലടിച്ചു കാണാവുന്ന ഒരു മാസ്സ് മസാല എന്റർടൈനറാണ് കടുവ. പൃഥ്വിരാജ് ആരാധകർക്ക് ഉത്സവമായ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നുറപ്പാണ്. ഒരിടക്ക് മലയാളത്തിൽ കാണാതായ മാസ്സ് ചിത്രങ്ങളുടെ തിരിച്ചു വരവിനു കാരണമാവാൻ സാധ്യതയുള്ള കടുവ, ഷാജി കൈലാസ് എന്ന അതികായന്റെ വമ്പൻ തിരിച്ചു വരവിനും തിരി കൊളുത്തിക്കഴിഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close