യുവതാരം നീരജ് മാധവ് ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമാണ് ലവകുശ. നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നീകോഞാചാ സംവിധാനം ചെയ്ത ഗിരീഷ് മനോ ആണ്.
മെയ്ക്കപ്പ് മാനും ഓണ്‍ലൈന്‍ പ്രൊമോട്ടറുമായ രണ്ട് ചെറുപ്പക്കാര്‍ തമിഴ് നാട്ടിലെ ഒരു ബാറില്‍ വെച്ചു കണ്ടു മുട്ടുന്നു. ഒരു കള്ളിന്‍റെ പുറത്ത് തുടങ്ങിയ സൌഹൃദം എന്തായാലും തുടര്‍ന്നു കൊണ്ട് പോകാന്‍ ഇവര്‍ തീരുമാനിക്കുന്നു. പറയത്തക്ക വരുമാനമോ ജീവിത നിലവാരമോ ഇല്ലാത്ത ഇരുവരും നല്ലൊരു ജീവിതം ഉണ്ടാക്കാന്‍ വേണ്ടി നാട്ടിലേക്ക് ട്രയിന്‍ കയറുമ്പോള്‍ ഇവരുടെ ജീവിത്തിലേക്ക് മറ്റൊരാള്‍ കൂടെ കടന്നു വരുന്നു. ഇതോടെ ഇവരുടെ ജീവിതം തന്നെ മാറുകയാണ്. അപ്രതീക്ഷിതമായ നടന്ന ചില സംഭവങ്ങള്‍ ഈ ചെറുപ്പക്കാര്‍ എങ്ങനെ തരണം ചെയ്യുന്നു എന്നാണ് ലവകുശ പറയുന്നത്.
സ്പൈ-കോമഡിയായാണ് തന്‍റെ ആദ്യ തിരക്കഥ സംരംഭം നീരജ് മാധവ് ഒരുക്കിയിരിക്കുന്നത്. നാടോടികാറ്റ്, സിഐഡി മൂസ തുടങ്ങി ഒരു വടക്കന്‍ സെല്‍ഫി വരെയുള്ള ഒട്ടേറെ സിനിമകളുടെ ഫ്ലെവറുകള്‍ നിറച്ചാണ് നീരജ് തിരക്കഥ രചിച്ചതെന്ന്‍ പറയാം. നീരജില്‍ നിന്നും പ്രതീക്ഷിക്കുന്നത് പോലെ തന്നെ പ്രേക്ഷകനെ രസിപ്പിച്ചിരുത്താന്‍ ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങള്‍ ലവകുശ സമ്മാനിക്കുന്നു.
ചിത്രത്തിലെ കോമഡികള്‍ പലതും പൊട്ടിച്ചിരിപ്പിക്കുന്നവ ആയിരുന്നെന്ന് പറയാതെ വയ്യ. മികച്ച കയ്യടക്കത്തോടെ തന്നെ കോമഡി രംഗങ്ങള്‍ നീരജ് മാധവും അജു വര്‍ഘീസും ബിജു മേനോനും കൈകാര്യം ചെയ്തിട്ടുണ്ട്. ഏതാനും രംഗങ്ങള്‍ മാത്രമേ ഉള്ളൂ എങ്കിലും നിര്‍മ്മല്‍ പാലാഴിയും കോമഡിയിലൂടെ കയ്യടി നേടുന്നു.
വിജയ് ബാബു, ദീപ്തി സതി, അദിതി രവി, മേജര്‍ രവി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേക്കബിന്‍റെ സ്വര്‍ഗ രാജ്യത്തിലൂടെ ശ്രദ്ധേയനായ അശ്വിന്‍ കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. താരങ്ങള്‍ എല്ലാം തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി ചെയ്തെങ്കിലും ദീപ്തി സതിയുടെ ഡബ്ബിങിലെ പാളിച്ചകള്‍ പ്രകടമാണ്.
തന്‍റെ ആദ്യ ചിത്രത്തില്‍ നിന്നും സംവിധായകന്‍ ഗിരീഷ് മനോ രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ കുറച്ചു കൂടി കയ്യടക്കം നേടിയിരിക്കുന്നു. രസകരമായ രീതിയില്‍ തന്നെ ചിത്രം ഒരുക്കാന്‍ ഗിരീഷ് മനോയ്ക്ക് സാധിച്ചിട്ടുണ്ട്.
ക്യാമറ, സംഗീതം തുടങ്ങിയ ടെക്നിക്കല്‍ വശങ്ങള്‍ എല്ലാം സിനിമയ്ക്ക് യോജിക്കുന്ന രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്ന ‘എന്‍റെ കയ്യില്‍ ഒന്നുല്ല്യ’ എന്ന ഗാനം രസകരമായി തന്നെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു.
അനാവശ്യമായ വലിച്ചു നീട്ടലുകള്‍ പലയിടത്തും ചിത്രത്തിന് പാരയാകുന്നുണ്ട്. കോമഡിയില്‍ നിന്നും പെട്ടന്ന് കോംപ്ലിക്കേറ്റ് ആകുമ്പോള്‍ ദൈര്‍ഘ്യം പലയിടത്തും പ്രശ്നമാകുന്നു. മുഴുനീള കോമഡി ചിത്രമായി തന്നെ ഒരുക്കിയ ലവകുശ പൊട്ടിച്ചിരികള്‍ സമ്മാനിക്കുന്നത് തന്നെയാണ്. ചിത്രത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞിരുന്നെങ്കില്‍ പൊട്ടിച്ചിരികള്‍ കൂടുമായിരുന്നു.