ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’ : റിവ്യൂ വായിക്കാം

Advertisement

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ദുൽഖർ സൽമാൻ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത പുതിയ തെന്നിന്ത്യൻ സിനിമ. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്ത ഈ ആക്ഷൻ ത്രില്ലർ വലിയ ഹൈപ്പ് സൃഷ്ടിച്ചു കൊണ്ടാണ് പുറത്ത് വന്നിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം ഒരു വലിയ താരനിരയും അണിനിരക്കുന്നു എന്നത് ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകമാണ്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകനും നവാഗതനുമായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രനാണ്. സീ സ്റ്റുഡിയോ, ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം പ്രതീക്ഷകളെ സാധൂകരിച്ചോ എന്നതാണ് പ്രധാന ചോദ്യം.

Advertisement

കൊത്ത എന്നൊരു സാങ്കൽപ്പിക നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.കൊത്ത രാജേന്ദ്രൻ അഥവാ രാജു എന്ന് പേരുള്ള കഥാപാത്രമായാണ് ദുൽഖർ സൽമാൻ ഇതിലഭിനയിക്കുന്നത്. ഒരു സാധാരണക്കാരനായ ചെറുപ്പകാരനിൽ നിന്നും കൊത്തയുടെ രാജാവായുള്ള രാജുവിന്റെ വളർച്ചയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അയാൾ എങ്ങനെ വളരുന്നു എന്നതും അതിനിടയിൽ അയാൾക്ക് എതിരാളികൾ ആയി ആരൊക്കെ കടന്നു വരുന്നു എന്നതും ഈ ചിത്രത്തിന്റെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ശബ്ദത്തിലാണ് ചിത്രം ആരംഭിക്കുന്നത്. 1996 കാലഘട്ടത്തിലെ കൊത്തയെ കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്. ശേഷം, ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം കൊത്തയിലെ 1986 കാലഘട്ടത്തിലെ കഥയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നുണ്ട്.

ആദ്യമേ തന്നെ അഭിലാഷ് ജോഷി എന്ന നവാഗത സംവിധായകന് ഒരു കയ്യടി കൊടുക്കാം. സാങ്കേതികപരമായി ഏറ്റവും ഗംഭീരമായ രീതിയിൽ തന്നെയാണ് അദ്ദേഹം കിംഗ് ഓഫ് കൊത്ത നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷനും, മാസ് സീനുകളും ഗാനങ്ങളുമെല്ലാം ഏറ്റവും മികച്ച രീതിയിൽ തന്നെ ദൃശ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഒരു മാസ്സ് ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കൊടുക്കുന്നതിനൊപ്പം തന്നെ പ്രധാന കഥയ്ക്ക് ഒരു വ്യത്യസ്തത കൊണ്ട് വരാനും മറ്റ് കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കാനും അഭിലാഷ് ജോഷി ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം തന്നെ വൈകാരികമായി അവരെ കഥയോട് ചേർത്ത് നിർത്തുന്ന രീതിയിൽ അതവതരിപ്പിക്കാനും ഈ സംവിധായകനും അതുപോലെ ചിത്രം രചിച്ച അഭിലാഷ് എൻ ചന്ദ്രനും സാധിച്ചിട്ടുണ്ട്. ആവേശം കൊള്ളിക്കുന്ന കഥാ സന്ദർഭങ്ങൾ വളരെ വിശ്വസനീയമായി അവതരിപ്പിച്ചതിനൊപ്പം തന്നെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും ഒരുക്കാനും സംവിധായകന് സാധിച്ചതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവായി മാറിയത്. മൂന്നു മണിക്കൂറോളം നീളമുള്ള ചിത്രം കുറച്ചൊക്കെ പ്രവചിക്കാൻ പറ്റുന്ന രീതിയിലാണ് പോയതെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ദുൽഖർ സൽമാന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കൊത്ത രാജേന്ദ്രൻ എന്ന രാജുവായി ഗംഭീര പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. ചിത്രം തുടങ്ങി കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ദുൽഖർ സൽമാന് സാധിച്ചു. ആ കഥാപാത്രത്തിന് അദ്ദേഹം നൽകിയ ശരീര ഭാഷയും ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ച ശൈലിയും ശ്രദ്ധേയമാണ്. അതേ സമയം, വില്ലൻ വേഷങ്ങൾ ചെയ്ത ഷബീർ, നൽകിയത് കയ്യടി നേടുന്ന പെർഫോമൻസാണ്. കണ്ണൻ എന്ന കഥാപാത്രത്തിന്റെ എല്ലാ ഊർജവും ആവേശവും ഉൾക്കൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസങ്ങളും ഈ നടൻ ഗംഭീരമാക്കിയിട്ടുണ്ട്. പ്രസന്ന, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ് എന്നിവരും പ്രകടന മികവ് കൊണ്ട് പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ, ശരൺ ശ്കതി, ഷമ്മി തിലകൻ, അനിഖ, നൈല ഉഷ, ശാന്തി കൃഷ്ണ, സുധി കോപ്പ, സെന്തിൽ, ടി ജി രവി, എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.

നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ ഗംഭീരമായിരുന്നു. പ്രത്യേകിച്ചും ആക്ഷൻ സീനുകളിലെ ഓരോ ദൃശ്യ ഖണ്ഡങ്ങളും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട്. അത്ര ശക്തമായിരുന്നു ആ സീനുകൾ. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ഒരുക്കിയ സംഗീതവും മികച്ചു നിന്നു. മാസ്സ് അപ്പീൽ നൽകിയ, ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ശക്തിയായി നിന്നു. അത്ര ഗംഭീരമായാണ് അദ്ദേഹത്തിന്റെ സംഗീതം ചിത്രത്തിലെ ഓരോ മാസ്സ് രംഗങ്ങൾക്കും തുണയായി വന്നിട്ടുള്ളത്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ആക്ഷൻ, ഗാന രംഗങ്ങളിലെ എഡിറ്റിംഗ് മികച്ചു നിന്നതും, ദൈർഘ്യം കൂടിയിട്ടും ചിത്രത്തിന്റെ വേഗത നഷ്ടപ്പെടാതിരുന്നതും എഡിറ്ററുടെ മികവിന് സാക്ഷ്യപത്രമാണ്.
.
ചുരുക്കി പറഞ്ഞാൽ, കിംഗ് ഓഫ് കൊത്ത ദുൽഖർ സൽമാൻ ആരാധകരെ മുന്നിൽ കണ്ടു കൊണ്ട് ഒരുക്കിയ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം ഏതായാലും ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കും എന്നുറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close