
വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഫ്രഞ്ച് വിപ്ലവം, അപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹമൊരുക്കിയ ഈ ചിത്രത്തിൽ സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫിറോസ് തൈരിനിലാണ്. സംവിധായകൻ മജു തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം സെഞ്ച്വറി ഫിലിംസാണ് കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്.
പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി കഥ പറയുന്ന ഒരു ഫാന്റസി ഡ്രാമയാണ് ഈ ചിത്രം. മുജീബ് എന്ന കഥാപാത്രത്തെ സണ്ണി വെയ്ൻ അവതരിപ്പിക്കുമ്പോൾ നാസർ ആയി വിനയ് ഫോർട്ട് എത്തിയിരിക്കുന്നു. അബി എന്ന കഥാപാത്രമായാണ് ലുക്മാൻ അഭിനയിച്ചിരിക്കുന്നത്. പെരുമാനിയിലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ പെട്ടെന്ന് ഒരു ദിവസം ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുകയും, തുടർന്ന് ആ ഗ്രാമവാസികൾക്കിടയിൽ അതിനുമേൽ നടക്കുന്ന ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ അവിടുത്തെ മനുഷ്യരുടെ ജീവിതത്തിലുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. കലഹങ്ങൾ ഇല്ലാത്ത പെരുമാനിയിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന അതിഥി അവിടെയുണ്ടാക്കുന്ന കലഹങ്ങളാണ് ഇതിന്റെ കഥാതന്തു. വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന നാസർ, ദീപ അവതരിപ്പിക്കുന്ന ഫാത്തിമ എന്നിവരുടെ വിവാഹത്തെച്ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ മുന്നോട്ട് പോക്ക്.
ടൈറ്റിലിൽ മുതൽ ഓരോ ചെറിയ കാര്യങ്ങളിലും പുതുമ സമ്മാനിച്ച് കൊണ്ടാണ് മജു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പെരുമാനിയെന്ന സാങ്കൽപിക ഗ്രാമത്തിലെ വിചിത്രമായ കാഴ്ചകൾ അതീവ രസകരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പെരുമാനി എന്ന ഗ്രാമത്തിൽ നടക്കുന്ന അസാധാരണമായ സംഭവവികാസങ്ങൾ ആദ്യാവസാനം ഹാസ്യത്തിൻ്റെ മേമ്പൊടിയോടെയാണ് മജു എന്ന സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടേയും രൂപത്തിലും ഭാവത്തിലും വേഷവിധാനത്തിലും തൊട്ട്, ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലും സംഭാഷണത്തിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ മജുവിന് സാധിച്ചതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.
വളരെ ശക്തമായ രാഷ്ട്രീയം അതിന്റെ എല്ലാ കൃത്യതയോടെയും പറയുന്ന സംവിധായകൻ അതിനൊപ്പം തന്നെ പക, പ്രതികാരം, പ്രണയം. ആചാരങ്ങൾ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയെ കുറിച്ചും മനോഹരമായി തന്നെ കഥയിൽ പ്രതിപാദിക്കുന്നുണ്ട്. ചിരിക്കാനുള്ള കാര്യങ്ങൾക്കൊപ്പം തന്നെ പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളും മജു ഇതിൽ കോർത്തിണക്കിയിരിക്കുന്നു. കലഹത്തിന്റെ രാഷ്ട്രീയവും കലഹം കച്ചവടമാക്കുന്ന രാഷ്ട്രീയവും അതിഗംഭീരമായാണ് മജു ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിനയ് ഫോർട്ട് പ്രേക്ഷകരെ ചിരിപ്പിച്ചു കയ്യിലെടുത്തപ്പോൾ സൂക്ഷ്മമായ പ്രകടനത്തിലൂടെ സണ്ണി വെയ്ൻ തന്റെ പ്രതിഭ തെളിയിക്കുന്നു. പ്രേക്ഷകരുമായി വളരെ വേഗം കണക്ട് ചെയ്യുന്ന മറ്റൊരാൾ ലുക്മാൻ ആണ്. നിഷ്കളങ്കനായ അബിയെ അതിമനോഹരമായാണ് ലുഖ്മാൻ അവതരിപ്പിച്ചത്. വിനയ് ഫോർട്ട്- ലുഖ്മാൻ ടീമിന്റെ ഓൺസ്‌ക്രീൻ കെമിസ്ട്രി ഗംഭീരമായിരുന്നു. വൈകാരികമായ തലങ്ങളിലൂടെ സൂക്ഷ്മമായി സഞ്ചരിക്കുന്ന സണ്ണി വെയ്ൻ കഥാപാത്രമായ മുജീബ് ചിത്രത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ഇവർക്കൊപ്പം ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ, നവാസ് വള്ളിക്കുന്ന് എന്നിവരും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ വിചിത്രവും വ്യത്യസ്ടതവുമായ മേക്കോവറുകളിലൂടെയും ശ്രദ്ധ നേടുന്നുണ്ട്.
പെരുമാനി എന്ന ചിത്രത്തോട് പ്രേക്ഷകരെചേർത്ത് നിർത്തുന്നതിൽ ഗോപി സുന്ദറിന്റെ സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. മലബാറിന്റെ പശ്ചാത്തലവും മുസ്ലിം സംസ്കാരവുമെല്ലാം അതിമനോഹരമായാണ് അദ്ദേഹം തന്റെ സംഗീതത്തിൽ കൊണ്ട് വന്നിരിക്കുന്നത്. അദ്ദേഹം സംഗീതം പകർന്ന അഞ്ച് ഗാനങ്ങളും മികവ് പുലർത്തിയപ്പോൾ ചിത്രത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയത് ഗംഭീരമായ പശ്‌ചാത്തല സംഗീതമായിരുന്നു. ഇതിനൊപ്പം എടുത്തു പറയേണ്ടത് പെരുമാനിയിലെ വിചിത്രമായ കാഴ്ചകൾ നമ്മുക്ക് മുന്നിലെത്തിച്ച മനേഷ് മാധവന്റെ ഛായാഗ്രഹണ മികവ് കൂടിയാണ്. പ്രേക്ഷകരെ മടുപ്പിക്കാത്ത വേഗത്തിൽ കഥയുടെ ഒഴുക്ക് ക്രമപ്പെടുത്തുന്നതിൽ ജോയൽ കവി എന്ന എഡിറ്ററും വിജയിച്ചതോടെ പെരുമാനി അത്യന്തം ആസ്വാദ്യകരമായി മാറുകയാണ്. ഇർഷാദ് ചെറുകുന്ന് നിർവഹിച്ച വസ്ത്രാലങ്കാരം, വിശ്വനാഥൻ അരവിന്ദിന്റെ കലാസംവിധാനം എന്നിവയും പെരുമാനി എന്ന സാങ്കൽപ്പിക ഗ്രാമത്തിലേക്കും അവിടെയുള്ള വിചിത്രമായ അന്തരീക്ഷത്തിലേക്കും ആളുകളിലേക്കും പ്രേക്ഷകരെ വളരെ വേഗം ബന്ധിപ്പിക്കുന്നുണ്ട്.
ചുരുക്കി പറഞ്ഞാൽ, മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത, അതിമനോഹരമായ ഒരു സിനിമാനുഭവമാണ് പെരുമാനി തരുന്നത്. കഥ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും പ്രകടനം കൊണ്ടും കഥയുടെ അവതരണം കൊണ്ടും പ്രേക്ഷകർക്ക് അപൂർവമായ വ്യത്യസ്തത പകർന്നു നൽകുന്ന ഒരു ഗംഭീര ചിത്രമാണ് പെരുമാനി. ഫാന്റസി, കോമഡി, സറ്റയർ, ഡ്രാമ എന്നിവയെല്ലാം ഉൾപ്പെടുത്തിയ ഈ ചിത്രം ഒരു വലിയ ഇടവേളക്ക് ശേഷം ഒരുപാട് ചിരിയും അതിനൊപ്പം തന്നെ ചിന്തയും പകർന്നു നൽകുന്ന ചലച്ചിത്രാനുഭവമാണ് സിനിമാ പ്രേമികൾക്ക് സമ്മാനിക്കുന്നത്.