തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നതും. ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേർന്ന മലയാള ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്ര കഥാപാത്രം ആയെത്തിയ എക്സ്ട്രാ ഡീസന്റ് (ഇ ഡി). ആഷിഫ് കക്കോടി രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കലാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഈ ഫാമിലി കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സമൂഹത്തിൽ എക്സ്ട്രാ ഡീസന്റ് ആയി പെരുമാറുന്ന ബിനു എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. എന്നാല് ഈ കഥാപാത്രം അങ്ങനെ ആവുന്നതിന് ഒരു കാരണം ഉണ്ട്. അത് എന്താണെന്നും അയാളുടെ ഈ സ്വഭാവം സ്വന്തം കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതും ഒക്കെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വളരെ രസകരമായതും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചിടത്താണ് ആമിർ പള്ളിക്കൽ എന്ന സംവിധായകൻ കയ്യടി അർഹിക്കുന്നത്. നിറയെ തമാശകളും എന്നാൽ പ്രേക്ഷകന് ആകാംഷ സമ്മാനിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ ഈ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു രചയിതാവ് എന്ന നിലയിൽ രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും ആഷിഫ് കക്കോടി വിജയിച്ചപ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ മനോഹരമായ ദൃശ്യ ഭാഷ ആ തിരക്കഥക്കു നൽകുന്നതിൽ ആമിർ പള്ളിക്കലും മികവ് പുലർത്തിയതാണ് ഈ ചിത്രത്തിന്റെ മേന്മക്കു കാരണം. കഥയിലെ വൈകാരിക തലവും ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ നിർണ്ണായകമായ ഒരു ഘടകമായി പ്രവർത്തിച്ചിട്ടുണ്ട്. കോമഡിക്കൊപ്പം ഒരു ഫാമിലി ഡ്രാമ എന്ന നിലയിലും വൈകാരികമായി ചിത്രത്തിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിനെ തൊടുന്നുണ്ട്. പ്രേക്ഷകർക്ക് വളരെ വേഗം കണക്ട് ചെയ്യാൻ പറ്റുന്ന തരത്തിലാണ് ചിത്രത്തിലെ കഥാ സന്ദര്ഭങ്ങളും കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നത്.
മേൽ പറഞ്ഞ പോലെ സുരാജ് വെഞ്ഞാറമൂടിന് വ്യത്യസ്തമായ അഭിനയ ശൈലി അതിവിദഗ്ദമായി ഉപയോഗിക്കപ്പെട്ട ഒരു ചിത്രമാണ് ‘എക്സ്ട്രാ ഡീസന്റ്’ എന്ന് പറയാം. സുരാജ് വളരെ രസകരമായി തന്നെ തന്റെ കഥാപാത്രം അഭിനയിച്ചു ഫലിപ്പിച്ചപ്പോൾ ഈ ചിത്രം പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല. ചിലപ്പോഴൊക്കെ ഒരു സൈക്കോ പോലെ ഫീൽ ചെയ്യുന്ന ഈ കഥാപാത്രം അഭിനയിച്ചു ഫലിപ്പിക്കുക എന്നത് ഒട്ടും എളുപ്പമുള്ള ഒരു പ്രക്രിയ ആയിരുന്നില്ല. എന്നാൽ അത് അനായാസമായി സ്‌ക്രീനിൽ അവതരിപ്പിച്ചതാണ് സുരാജ് എന്ന നടന്റെ മികവ്. കഥാപാത്രത്തെ പൂർണ്ണമായും വിശ്വസനീയമാകാനും പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനും സുരാജിന് സാധിച്ചു.
നായികാ വേഷം ചെയ്ത ഗ്രേസ് ആന്റണി അനായാസമായി കഥാപാത്രമായി മാറിയപ്പോൾ ശ്യാം മോഹൻ അവതരിപ്പിച്ച കഥാപാത്രം ചിത്രത്തിന് നൽകിയ ഊർജ്ജവും വളരെ വലുതായിരുന്നു. ഇവരെ പോലെ തന്നെ വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന, പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു.
ഷാരോൺ ശ്രീനിവാസ് നൽകിയ ദൃശ്യങ്ങൾ മികച്ചു നിന്നപ്പോൾ ശ്രീജിത്ത് സാരംഗ് ഒരിക്കൽ കൂടി തന്റെ എഡിറ്റിംഗിലൂടെ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകി. ചിത്രത്തിന്റെ ഒഴുക്ക് പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനും അത് സഹായിച്ചിട്ടുണ്ട് എന്ന്. അങ്കിത് മേനോൻ ഒരുക്കിയ ഗാനങ്ങളും അതോടൊപ്പം പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിനോട് അടുപ്പിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട് എന്നതും എടുത്തു പറയണം.
ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു ചിത്രമാണ് എക്സ്ട്രാ ഡീസന്റ്. സുരാജിന്റെ ഗംഭീര പ്രകടനം കാണാൻ സാധിക്കുന്ന, പ്രേക്ഷകർക്ക് മനസ്സിൽ സൂക്ഷിക്കാവുന്ന പുതുമയുള്ള ഒരു സിനിമാനുഭവം ആവും ഈ ചിത്രം സമ്മാനിക്കുക എന്നുറപ്പാണ്. കുടുംബ പ്രേക്ഷകർക്ക് ഈ വെക്കേഷൻ സമയത്ത് ആഘോഷിച്ചു കാണാവുന്ന ഒരു ചിത്രം കൂടിയാണിത്.