
മോഹൻലാലിനെ നായകനാക്കി കൃഷാന്ത് പ്ലാൻ ചെയ്യുന്ന ചിത്രം അടുത്ത വർഷം ഉണ്ടാകും എന്ന് റിപ്പോർട്ട്. ഒരു ഡിറ്റക്റ്റീവ് കോമഡി ആയാവും ചിത്രം ഒരുക്കുക എന്നും ഏറെ രസകരമായി മോഹൻലാൽ എന്ന നടനെ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും കൃഷാന്ത് വെളിപ്പെടുത്തി. മോഹൻലാലുമായി ഒന്ന് രണ്ട് കൂടിക്കാഴ്ചകൾ കൂടി ബാക്കിയുണ്ടെന്നും അതിനു ശേഷം മാത്രമേ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് സാധ്യതയുള്ളൂ എന്നും അദ്ദേഹം പറയുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവാണ് ചിത്രം നിർമ്മിക്കുക എന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സോണി ലൈവിൽ റിലീസ് ചെയ്ത കൃഷാന്തിന്റെ ‘നാലര സംഘം’ എന്ന വെബ് സീരീസിന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. വലിയ കയ്യടി നേടിയ ആവാസവ്യൂഹം, പുരുഷപ്രേതം, സംഘർഷ ഘടന എന്നീ ചിത്രങ്ങളും ഒരുക്കിയ കൃഷാന്തിന്റെ അടുത്ത റിലീസ് ‘മസ്തിഷ്കമരണം’ ആണ്.