
സൂപ്പർ വിജയം നേടിയ “വരനെ ആവശ്യമുണ്ട്” എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുമെന്ന് വാർത്തകൾ. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ രണ്ടാം പകുതിയുടെ ജോലികൾ ആണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. ശോഭന ആയിരിക്കും ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതെന്നും ബ്ലോക്ക്ബസ്റ്റർ ആയ ‘ഹൃദയപൂർവ്വ’ത്തിൽ മോഹൻലാലിനൊപ്പം തിളങ്ങിയ സംഗീത് പ്രതാപും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുക എന്നാണ് വാർത്തകൾ. അടുത്ത വർഷം ചിത്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അനൂപ് സത്യൻ. സത്യൻ അന്തിക്കാട് ഒരുക്കിയ “ഹൃദയപൂർവം” എന്ന മോഹൻലാൽ ചിത്രത്തിന്റെ സഹസംവിധായകൻ ആയും അനൂപ് സത്യൻ അടുത്തിടെ ജോലി ചെയ്തിരുന്നു.