ഓരോ കാഴ്ച്ചകളും ഓരോ അനുഭവങ്ങളാണ്. കാഴ്ചകളുടെ മേച്ചിൽപ്പുറങ്ങൾ തേടി കോഴിക്കോട്ടുകാരൻ ജുമാൻജിയെന്ന നിജിൽ ദിവാകരൻ എത്തുന്നത് അഭ്രപാളികളിൽ വിസ്‌മയം തീർക്കുന്ന ചലച്ചിത്രമെന്ന മായിക ലോകത്തേക്കാണ്.
പ്രശസ്‌തമായ പന്നിയങ്കരയിലെ കൃഷ്ണൻ നായർ സ്റ്റുഡിയോ ഉടമ സന്തോഷുമായുള്ള പരിചയത്തിൽ അൻസാരിയുടെ വീഡിയോഗ്രാഫിക്ക് ലൈറ്റ് ബോയിൽ നിന്നുള്ള തുടക്കം. ഷമീറിന്റെ ബാലപാഠങ്ങൾ..അങ്ങനെ അശോകൻ വച്ചു നീട്ടിയ വീഡിയോ ക്യാമറയിൽ ഉത്സവപ്പറമ്പിലെ ദൃശ്യങ്ങൾ ജീവിതത്തിൻ്റെ വഴികളിലേക്കുള്ള പുതിയ വെളിച്ചമായി മാറി.
സാവധാനം അൻസാരിയ്ക്ക് പകരം കല്യാണവീടുകളിൽ അശോകൻ നൽകിയ ക്യാമറയുമായി ജുമാൻജി സ്റ്റുഡിയോ എന്ന ലേബലിൽ നിജിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. നിഷാന്ത് പന്നിയങ്കരയും ശേഖറും ചേർന്ന് ആദ്യം ചെയ്‌ത ഹ്രസ്വചിത്രം ‘വർണ്ണമേഘങ്ങൾ’ അത് വെളിച്ചം കണ്ടില്ല. ഇന്റർനെറ്റ് സൗകര്യങ്ങളും ലോക്കൽ ചാനലുകളും ഇല്ലാത്ത കാലത്ത് ‘കണിക്കൊന്ന’ എന്ന ഹ്രസ്വചിത്രം പൂർത്തിയാക്കി. ഇതിനിടയിൽ സുഹൃത്തായ നിഷാന്തിൻ്റെ പ്രേരണയിൽ ഒരു സിനിമ വിതരണ കമ്പനി കൂടി പ്രവർത്തനം തുടങ്ങി. ‘അവതാർ ഫിലിംസി’ൻ്റെ കന്നി ചിത്രമായി വൈഭവും രമ്യ നമ്പീശനും നായികാനായകന്മാരായി എത്തിയ തമിഴ് ചിത്രം ‘ഡമാൽ ഡുമീൽ’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചു.
കോഴിക്കോട് പന്നിയങ്കര സ്വദേശി നിജിൽ കുമാറിൻ്റെ ഗ്രാഫ് തെളിയുന്നത് ഇവിടെ നിന്നാണ്. സിനിമയോടുള്ള പ്രണയം നാമ്പിട്ടു തുടങ്ങിയ കാലം..! പത്താം ക്ലാസ് കഴിഞ്ഞതോടെ സഹപാഠിയുംസുഹൃത്തുമായ നിഷാന്തിനൊപ്പം, മുൻമന്ത്രി കെ. പി ഉണ്ണികൃഷ്ണൻ്റെ പടിപ്പുരയിൽ കാണുന്ന ദിവാസ്വപ്നങ്ങൾ…തികച്ചും യാദൃശ്ചികമെന്നോണം പന്നിയങ്കര സ്വദേശി മണി എന്നയാളിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജൻ പ്രമോദിനെ പരിചയപ്പെടുകയും അദ്ധേഹത്തിൻ്റെ ‘ഫോട്ടോഗ്രാഫർ’ എന്ന മോഹൻലാൽ ചിത്രത്തിൽ പ്രേമചന്ദ്രനെന്ന പ്രശസ്‌തനായ കലാസംവിധായകൻ്റെ സഹായിയായി സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുകയും ചെയ്‌തു. സിനിമയോടുള്ള നിജിലിൻ്റെ പ്രണയം അതോടെ പൂത്തുലയാൻ തുടങ്ങി.
വി . എം വിനുവിൻ്റെ സഹോദരനും പിന്നണി ഗായകനുമായ അജിത്തിനെയും ഇല്ലിക്കെട്ട് നമ്പൂതിരിയേയും പാർത്ഥസാരഥിയെയും അണിനിരത്തി കൂടാരം, പൂക്കളില്ലാത്ത വീട്, മഴമേഘങ്ങൾ, സ്നേഹാദരം, നീലാംബരി എന്നീ ഹ്രസ്വചിത്രങ്ങൾ, ഹനീഫ് ബാബു സംവിധാനം ചെയ്‌ത ഹെന്നീസ ഫാത്തിമയുടെ അലൻവാക്കർ എന്ന ഇംഗ്ലീഷ് ആൽബം ഉൾപ്പടെയുള്ള ആൽബങ്ങൾ…
ആയിടയ്ക്കാണ് കൃഷ്ണദാസിനെ പരിചയപ്പെടുന്നത്. താജുദ്ധീനെ നായകനാക്കി കൃഷ്ണദാസിൻ്റെ രചനയിൽ ‘റസൂലിൻ കനവ്’ സംവിധാനം ചെയ്‌തു. തുടർന്ന് ടി. മോഹൻദാസിൻ്റെ ‘അക്ഷരമുറ്റത്തെ മുത്തുമണികൾ’ എന്ന ഡോക്യൂമെന്ററിക്ക് ക്യാമറ ചലിപ്പിച്ചത്.
മമ്മൂട്ടി ചിത്രമായ ‘മായാബസാറി’ൻ്റെ അണിയറ പ്രവർത്തകനായിരുന്ന കൃഷ്ണദാസ് വഴി ജീവൻ നാസറിനെയും ശ്രീകല നായരെയും പരിചയപ്പെട്ടത് സിനിമയിലേക്ക് പുതിയൊരു ചവിട്ടുപടിയായി.പ്രശാന്ത് മാധവിനൊപ്പം കലാസംവിധാന സഹായിയായി. തുടർന്ന് മുന്ന, ആട്ട, ത്രീ കിംഗ്‌സ്, പോളി ടെക്‌നിക്ക്, തോപ്പിൽ ജോപ്പൻ വരെയുള്ള ചിത്രങ്ങളിൽ അഞ്ചു വർഷക്കാലം എറണാകുളം ഓഫീസിൽ, ഓഫീസ് നിർവഹണവുമായി സഹകരിച്ചു. ജീവൻ നാസറിൻ്റെ സഹോദരൻ മജീദ് അബുവിൻ്റെ ‘അവർ ഇരുവരും’, കലാഭവൻ മണിയുടെ അവസാന തമിഴ് ചിത്രം ‘പുതുസാ നാൻ പിറന്തേൻ’ , കിടു എന്നീ ചിത്രങ്ങളിലും പ്രഭുവും തലൈവാസൽ വിജയും ചേർന്ന് അഭിനയിച്ച തമിഴ് – ഹിന്ദി ഭാഷാ ചിത്രം ‘മേരാ നാം ഇന്ത്യ’ എന്നീ ചിത്രങ്ങളിലും ഒറുവിൽ കൃഷ്ണൻ,ശ്യാം തൃപ്പൂണിത്തുറ, പ്രമോദ് കുന്നത്തുപാലം, വിനോദ് പറവൂർ, ബിജു കടവൂർ എന്നിവരുടെ പ്രൊഡക്ഷൻ മാനേജറായി പ്രവർത്തിച്ചു.
അതിനു ശേഷം പ്രൊഡക്ഷൻ കൺട്രോളറായി നിജിൽ ദിവാകരൻ 25 ഓളം സിനിമകൾ കൺട്രോൾ ചെയ്‌തു എത്തി നിൽക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഇത് വരെ പേരിടാത്ത ഒരു ചിത്രം ഇപ്പോൾ പാലക്കാട് ആരംഭിച്ചു. ഭാനു, മുല്ലപ്പൂ വിപ്ലവം, ഓഹ. ഐസ് ഒരതി, വർക്കി, മാടപ്പള്ളി യുണൈറ്റഡ്, പ്രണയാമൃതം, ഒറ്റപ്പെട്ടവർ, ചോരൻ, ഡി, മസാല, ലീച്ച്, 1921 പുഴ മുതൽ പുഴ വരെ,മധുരക്കണക്ക്, പ്രതിഭ ട്യൂട്ടോറിയൽസ്, ഉടൽ, പഴയ നിയമം, ജിഗോള, കൊട്ടക്കളം പയ്യൻസ്, നമുക്ക് കോടതിയിൽ കാണാം, പാപ്പരാസികൾ, ദാസേട്ടൻ്റെ സൈക്കിൾ, ജോയ്‌ഫുൾ എൻജോയ്, പ്രൈവറ്റ്, 11:11 എന്നിവയാണ് പ്രധാനപ്പെട്ട സിനിമകൾ.
എന്നും എക്കാലവും കോഴിക്കോടിൻ്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാർക്കൊപ്പം ഇനി നിജിൽ ദിവാകറിൻ്റെ പേര് കൂടി നമുക്ക് ആലേഖനം ചെയ്യാം