ശ്രീനിവാസനേയും വിനീത് ശ്രീനിവാസന്റെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം മൂകാംബിക ക്ഷേത്രത്തിനടുത്ത് ലോഡ്ജ് നടത്തി ജീവിക്കുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കഥപറയുന്നു. അരവിന്ദനായാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ എത്തുന്നത് മുകുന്ദൻ എന്ന ശക്തമായ കഥാപാത്രമായി ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു ഇരുവരുടെയും ജീവിതത്തിലേക്ക് അതിഥികൾ എത്തുന്നതും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ആണ് ചിത്രത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഗിരിജ എന്ന മികച്ച കഥാപാത്രമായി ഉർവ്വശിയും വലിയ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. ആദ്യ ദിനം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് അഭിനന്ദനങ്ങളുമായി ഇപ്പോൾ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. മുകുന്ദനും എത്തിക്കഴിഞ്ഞു.
ചിത്രം കണ്ടിറങ്ങിയ എം. മുകുന്ദൻ കുറിച്ച വാചകങ്ങൾ ആണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. അരവിന്ദന്റെ അതിഥികൾ ഓരോ നിമിഷവും ആസ്വദിച്ചു കാണാവുന്ന ഒരു ചിത്രം ആണെന്ന് പറഞ്ഞ അദ്ദേഹം, ചിത്രം കഴിഞ്ഞു പോയപ്പോൾ വളരെയധികം വിഷമമുണ്ടാക്കി എന്നും പറയുകയുണ്ടായി. ഒരു ചലച്ചിത്രം തീർന്നതിന് ശേഷം അത് തീർന്ന് പോയല്ലോ എന്ന് ആലോചിച്ചു വിഷമിച്ചിട്ടുള്ള ചിത്രങ്ങളിലൊന്നാണ് അരവിന്ദന്റെ അതിഥികൾ. ദേവിയുടെ നാടായ മൂകാംബികയിൽ നടക്കുന്ന കഥ ആണെങ്കിൽ കൂടി ചിത്രത്തിൽ പച്ച മനുഷ്യരുടെ ജീവിതമാണ് പറയുന്നത്. അത്രമേൽ ഇഷ്ടമായ ചിത്രം കാണാൻ ഒരിക്കൽ കൂടി പോകുമെന്ന് എം. മുകുന്ദൻ പറയുന്നു. മലയാളത്തിലെ ഏറ്റവും മുതിർന്ന സാഹിത്യകാരനിൽ നിന്ന് തന്നെ ഇത്തരമൊരു മികച്ച അഭിപ്രായം കരസ്ഥമാക്കിയ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. അദ്ദേഹത്തിന്റെ അഭിപ്രായം പോലെതന്നെ മനുഷ്യരുടെ പച്ചയായ ജീവിതത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച ചിത്രം പ്രേക്ഷക പിന്തുണയോടെ വലിയ വിജയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്.