തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രമും മെഗാ ബ്ലോക്ക്ബസ്റ്റർ ആയതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. മാനഗരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ലോകേഷ് അതിനു ശേഷം നമ്മുടെ മുന്നിലെത്തിച്ചത് കൈതി, മാസ്റ്റർ എന്നീ രണ്ടു ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ വിക്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റെന്ന സ്ഥാനത്തേക്കാണ് കുതിക്കുന്നത്. ആഗോള ഗ്രോസ് ആയി ഇതിനോടകം 250 കോടി രൂപയാണ് ഈ ചിത്രം നേടിയെടുത്തത്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ ലോകേഷ് വെളിപ്പെടുത്തിയ ഒരു കാര്യം ഏറെ ശ്രദ്ധ നേടുകയാണ്. വിക്രം മലയാളത്തിൽ ഒരുക്കിയാൽ അതിലെ പ്രധാന കഥാപാത്രങ്ങൾ ആരായിരിക്കും ചെയ്യുക എന്നതായിരുന്നു ചോദ്യം.
ഉലക നായകൻ കമൽ ഹാസൻ അവതരിപ്പിച്ച കർണ്ണൻ എന്ന നായക വേഷത്തിൽ മോഹൻലാൽ അല്ലെങ്കിൽ മമ്മൂട്ടി വേണം എന്ന് പറഞ്ഞ ലോകേഷ്, റോളക്സ് എന്ന സൂര്യ കഥാപാത്രത്തെ മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കണമെന്നാണ് പറയുന്നത്. ഫഹദ് ഫാസിൽ മലയാളിയായത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ റോൾ അദ്ദേഹത്തിന് തന്നെ അവതരിപ്പിക്കാമെന്നും ലോകേഷ് പറയുന്നു. അമർ എന്ന പോലീസ് ഓഫീസറായാണ് ഫഹദ് ഫാസിൽ വിക്രമിൽ അഭിനയിച്ചതെങ്കിൽ, സന്താനമെന്നു പേരുള്ള മയക്കുമരുന്ന് വ്യാപാരിയായാണ് വിജയ് സേതുപതിയഭിനയിച്ചതു. റോളക്സ് എന്ന കഥാപാത്രമായി വില്ലൻ വേഷത്തിലാണ് സൂര്യയെത്തിയത്. കമൽ ഹാസൻ തന്നെ തന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്.