
കുറച്ചു മാസം മുൻപ് മുതൽ മലയാള സിനിമയിൽ ചർച്ചാ വിഷയം ആയ ഒരു പ്രോജക്ട് ആണ് കുഞ്ഞാലി മരക്കാർ. പ്രോജക്ടിന്റെ വലിപ്പം അല്ല അതിനു കാരണമായത്. അതേ പേരിൽ രണ്ടു പ്രോജക്ടുകൾ മലയാളത്തിന്റെ മഹാനടൻമാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് പ്രഖ്യാപിച്ചത് ആണ് അതിനു കാരണം ആയത്. മോഹൻലാലിനെ വെച്ച് പ്രിയദർശനും മമ്മൂട്ടിയെ വെച്ച് സന്തോഷ് ശിവനും ഈ പേരിൽ ചിത്രങ്ങൾ ഒരുക്കും എന്നാണ് വാർത്തകൾ വന്നത്. പ്രിയദർശൻ ഒരുപാട് വർഷങ്ങളായി ഒരു സ്വപ്നം പോലെ മനസ്സിൽ കൊണ്ടു നടക്കുന്ന പ്രോജക്ട് ആയതിനാൽ ഈ വർഷം മേയ് മാസത്തിനുള്ളിൽ ആഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന കുഞ്ഞാലി തുടങ്ങുന്ന കാര്യത്തിൽ ഒരു തീരുമാനം ആയില്ലെങ്കിൽ താൻ തന്റെ മോഹൻലാൽ പ്രോജക്ടുമായി മുന്നോട്ടു പോകുമെന്നും പ്രിയൻ പറഞ്ഞിരുന്നു.
പറഞ്ഞത് പോലെ തന്നെ മമ്മൂട്ടി- സന്തോഷ് ശിവൻ പ്രോജക്ട് ആഗസ്റ്റ് സിനിമാസിന്റെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ പ്രിയദർശൻ തന്റെ പ്രോജക്ട് ബുദ്ധിപരമായി മുന്നോട്ടു കൊണ്ടുപോയി. ഇതിനെ കുറിച്ച് ഒരു റിപ്പോർട്ടർ പ്രിയദർശനോട് ചോദിക്കുകയും ചെയ്തു.
അപ്പോൾ പ്രിയദർശൻ പറഞ്ഞത് ഇങ്ങനെയാണ്. കാലാപാനി എന്ന ചിത്രം ചെയ്തപ്പോൾ ഉള്ള ടീമിനെ തന്നെ ഈ ചിത്രത്തിനും വേണമെന്ന ആഗ്രഹം ഉള്ളതിനാൽ, അത് സംസാരിക്കാനായി സന്തോഷ് ശിവനെ താൻ കോണ്ടാക്റ്റ് ചെയ്തെന്ന് പ്രിയദർശൻ പറയുന്നു. ആ സമയത്തു മമ്മൂട്ടി ചിത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരു പ്രോജെക്ടിനെ കുറിച്ചു താൻ ഈ വർഷം ചിന്തിക്കുന്നു പോലും ഇല്ല എന്നാണ് സന്തോഷ് ശിവൻ പറഞ്ഞത് എന്നു പ്രിയദർശൻ പറഞ്ഞു. അതുകൊണ്ടാണ് തന്റെ പ്രോജക്ടുമായി താൻ മുന്നോട്ടു പോയതെന്ന് പ്രിയൻ വിശദീകരിച്ചു. ഇത് ചരിത്രം ആണെന്നും ആർക്കു വേണമെങ്കിലും ചെയ്യാം എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മണി രത്‌നം ചിത്രത്തിന്റെ ക്യാമറാമാൻ ആയി ജോലി ചെയ്യുന്ന സന്തോഷ് ശിവൻ അടുത്തതായി സംവിധാനം ചെയ്യുന്നത് സിൻ എന്ന ഒരു ചിത്രമാണ്. ജാവേദ് ജഫ്രി ആണ് അതിലെ നായകൻ.