ദളപതി വിജയ് നായകനായ വാരിസ്, തല അജിത് നായകനായ തുനിവ് എന്നിവ കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി എത്തിയത്. ഏകദേശം ഒൻപത് വർഷങ്ങൾക്ക് ശേഷമാണു അജിത്- വിജയ് ചിത്രങ്ങൾ ഒരേ ദിവസം തീയേറ്ററുകളിൽ എത്തിയത്. 2014 ഇൽ വിജയ് നായകനായ ജില്ല, അജിത് നായകനായ വീരം എന്നീ ചിത്രങ്ങളാണ് ഒരുമിച്ചെത്തിയത്. ഈ രണ്ടു ചിത്രങ്ങളും സമ്മിശ്ര പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിലും സമാനമായ നേട്ടം കൊയ്യുകയും ചെയ്തു. ഇപ്പോൾ തുനിവ്- വാരിസ് പോരാട്ടം വന്നപ്പോഴും ഇരു ചിത്രങ്ങളും നേടുന്ന പ്രതികരണങ്ങൾ സമ്മിശ്രമാണെന്ന് മാത്രമല്ല, ബോക്സ് ഓഫീസിലും തുല്യതയാർന്ന നേട്ടമാണ് സ്വന്തമാക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ചിത്രങ്ങളും കൂടി ആദ്യ ദിനം ആഗോള തലത്തിൽ നേടിയ ബോക്സ് ഓഫിസ് കളക്ഷൻ 100 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തമിഴ്‌നാട്ടിൽ രണ്ട് ചിത്രങ്ങളും ഒരേ വേഗതയിൽ മുന്നേറുമ്പോൾ, കേരളത്തിൽ വിജയ് ചിത്രത്തിന് മുൻതൂക്കമുണ്ട്. കേരളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളും കൂടി ഏകദേശം അഞ്ച് മുതൽ ആറ് കോടി വരെ കളക്ഷൻ നേടിയെന്നാണ് വാർത്തകൾ വരുന്നത്. വിജയ് നായകനായ വാരിസ് ആണ് കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്തത് എങ്കിൽ തമിഴ്‌നാട്ടിൽ അജിത് ചിത്രത്തിന് സ്‌ക്രീനുകളുടെ എണ്ണത്തിൽ മുൻതൂക്കമുണ്ട്. വംശി സംവിധാനം ചെയ്ത വാരിസ് ഒരു പക്കാ മാസ്സ് മസാല ഫാമിലി എന്റെർറ്റൈനെർ ആണെങ്കിൽ, എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. വിജയ്, അജിത് എന്നിവരുടെ പ്രകടനം തന്നെയാണ് ഈ രണ്ട് ചിത്രങ്ങളുടെയും ഹൈലൈറ്റ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.