ഗംഭീര അഭിപ്രായം നേടി ദിലീപ് ചിത്രം രാമലീല മുന്നേറുമ്പോൾ രാമലീലയെ പുകഴ്ത്തി കൊണ്ട് നടനും സംവിധായകനും എഴുത്തുകാരനും ഗായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്. രാമലീല റിലീസിന് മുൻപേ ചിത്രത്തിന് നേരെ എതിർപ്പുകൾ ഉണ്ടായപ്പോൾ തന്നെ താൻ രാമലീല കാണും എന്ന് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. പറഞ്ഞ പോലെ ഇന്നലെ ആദ്യ ദിനം തന്നെ വിനീത് ശ്രീനിവാസൻ രാമലീല കണ്ടു തന്റെ അഭിപ്രായം ഫേസ്ബുക് പേജ് വഴി പറയുകയും ചെയ്തു. ചെയ്തു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള പൊളിറ്റിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുന്ന വളരെ മനോഹരമായി നിർമ്മിച്ച ഒരു ചിത്രമാണ് രാമലീല എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. അരുൺ ഗോപി എന്ന സംവിധായകൻ ഒരു നവാഗതൻ ആണെങ്കിലും ചിത്രത്തിലെ ഒരു ഫ്രേമിൽ പോലും ഒരു നവാഗതന്റെ പതർച്ചകൾ ഇല്ലാതെ തഴക്കവും പഴക്കവും വന്ന ഒരു സംവിധായകനെ പോലെ ഗംഭീരമായാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് വിനീത് ശ്രീനിവാസൻ പറയുന്നു.
താൻ സച്ചി എന്ന എഴുത്തുകാരന്റെ ഒരു ആരാധകൻ ആണ് എന്നും അദ്ദേഹം ഇത് വരെ തിരക്കഥ രചിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മികച്ച രചന ആണ് രാമലീല എന്നും വിനീത് പറയുന്നു.ഷാജി കുമാറിന്റെ ഛായാഗ്രഹണത്തെയും ഗോപി സുന്ദറിന്റെ ഗംഭീര പശ്ചാത്തല സംഗീതത്തെയും അഭിനന്ദിക്കാൻ മറന്നില്ല വിനീത് ശ്രീനിവാസൻ. വളരെ സൂക്ഷ്മമായി , നിയന്ത്രണത്തോടെ രാമനുണ്ണിക്ക് ജീവൻ നൽകിയ ദിലീപിനെയും അഭിനന്ദിച്ച വിനീത് ശ്രീനിവാസൻ ദൃശ്യത്തിന് ശേഷം കലാഭവൻ ഷാജോൺ നൽകിയ ഏറ്റവും മികച്ച പെർഫോമൻസ് ആയാണ് രാമലീലയിലെ പ്രകടനത്തെ വിശേഷിപ്പിച്ചത്. അതുപോലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ച വിജയ രാഘവൻ, രാധിക, പ്രയാഗ എന്നിവരെയും മറ്റുള്ളവരെയും വിനീത് അഭിനന്ദിച്ചു.
ഈ വര്ഷം കാണാൻ പോവുന്ന ഏറ്റവും വലിയ സർപ്രൈസ് ആണ് രാമലീല എന്ന് പറഞ്ഞ വിനീത് ശ്രീനിവാസൻ ഈ പ്രതിസന്ധികൾക്കെല്ലാമിടയിലും ഈ ചിത്രം പ്രദർശനത്തിന് സജ്ജമാക്കിയ ടോമിച്ചൻ മുളകുപാടത്തെയും അഭിനന്ദിക്കാൻ മറന്നില്ല. സിനിമ ഒരു മാജിക് ആണെന്നും അതുണ്ടാക്കിയവരുടെ കഴിവിനേക്കാളും മുകളിൽ പോകാനുള്ള ഒരു മാജിക് അതിൽ ഉണ്ടെന്നും പറഞ്ഞാണ് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.