സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ മഹാവിജയമാണ് നേടിയത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം 600 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടി, ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രമായി മാറിയിരുന്നു. മലയാളി താരം വിനായകൻ വില്ലൻ വേഷം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ എന്നിവരും അതിഥി വേഷത്തിലെത്തി. കേരളത്തിൽ നിന്ന് മാത്രം 58 കോടിയോളം കളക്ഷൻ നേടി, ഇവിടെ നിന്ന് 50 കോടി ഗ്രോസ് നേടുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോർഡും നേടിയ ജയിലർ നിർമ്മിച്ചത് സൺ പിക്‌ചേഴ്‌സാണ്. അവരുടെ സിനിമാ നിർമ്മാണ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രം കൂടിയാണ് ജയിലർ എന്നത് കൊണ്ട് തന്നെ, ലാഭത്തിന്റെ ഒരു വിഹിതവും അതുപോലെ ആഡംബര കാറുകളും രജനികാന്ത്, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർക്ക് സൺ പിക്ചേഴ്സ് സമ്മാനിച്ചിരുന്നു.
അതിനിടയിൽ, ചിത്രത്തിലെ വില്ലനായി ഗംഭീര പ്രകടനം നടത്തിയ വിനായകന് അവർ ഒന്നും നൽകുന്നില്ലേ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിന്നുയർന്നു. ഇതിൽ അഭിനയിച്ചതിന് വെറും 35 ലക്ഷം രൂപ മാത്രമാണ് വിനായകന് നൽകിയതെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അതിനുള്ള മറുപടിയുമായി വിനായകൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്. തനിക്ക് ലഭിച്ചത് 35 ലക്ഷമല്ല എന്നും, അതിന്റെ മൂന്നിരട്ടിയോളമാണെന്നും വിനായകൻ പറയുന്നു. തെറ്റായ സംഖ്യ പറഞ്ഞു പരത്തുന്നവരുടെ ഉദ്ദേശം മോശമാണെന്നും, തനിക്കൊന്നും വലിയ തുക ലഭിക്കാനുള്ള വിലയില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണതെന്നും വിനായകൻ പറഞ്ഞു. മാത്രമല്ല, വലിയ തുക പ്രതിഫലമായി തന്നതിനൊപ്പം, ഷൂട്ടിംഗ് സമയത്ത് ഏറെ കാര്യമായാണ് അവർ തന്നോട് പെരുമാറിയതെന്നും വിനായകൻ കൂട്ടിച്ചേർത്തു. ഇതിൽ വിനായകൻ അവതരിപ്പിച്ച വർമ്മൻ എന്ന കഥാപാത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്.