ആർഡിഎക്സ് സംവിധായകനൊപ്പം വീണ്ടും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്; നഹാസ് ഹിദായത്ത് ചിത്രത്തിൽ നായകൻ ഫഹദ് ഫാസിൽ?

Advertisement

ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഹിറ്റായി മാറിയ ഒന്നാണ് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം രചിച്ചത് ആദർശ് സുകുമാരനും ഷബാസും ചേർന്നാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം ആഗോള കളക്ഷനായി നേടിയത് 80 കോടിയോളമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം വീണ്ടും നഹാസുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, കാട് പൂക്കുന്ന നേരം, മിന്നൽ മുരളി, ആർഡിഎക്സ് എന്നിവക്ക് ശേഷം തങ്ങൾ നിർമ്മിക്കാൻ പോകുന്ന നാല് ചിത്രങ്ങളാണ് ഇപ്പോൾ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ പ്രൊഡക്ഷൻ കമ്പനി സിനിമയിൽ വന്നതിന്റെ പത്താം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നാല് ചിത്രങ്ങൾ അവർ പ്രഖ്യാപിച്ചത്.

അതിലൊരു ചിത്രത്തിലൂടെയാണ് നഹാസ് ഹിദായത്തിനൊപ്പം അവർ വീണ്ടും ഒന്നിക്കുന്നത്. ഇതിൽ നായകനായി എത്തുന്നത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്, ഫഹദ് ഫാസിൽ ആയിരിക്കും ഈ ചിത്രത്തിലെ നായകനായി എത്തുക എന്നാണ്. ഇവർ പ്രഖ്യാപിച്ച മറ്റ് ചിത്രങ്ങളിൽ ആന്റണി വർഗീസ്, ബിജു മേനോൻ എന്നിവരും ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ ഏഴാമത്തെ നിർമ്മാണ സംരംഭം ഒരുക്കുന്നത് അജിത് മാമ്പള്ളി എന്ന നവാഗതനാണ്. അതിൽ ആന്റണി വർഗീസ് നായകനായി എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അജിത് മാമ്പള്ളി, നഹാസ് ഹിദായത്ത് എന്നിവരെ കൂടാതെ ജാനേമൻ ഫെയിം ചിദംബരം, അൻവർ റഷീദ് എന്നിവരാണ് ഇവരുടെ മറ്റ് രണ്ട് നിർമ്മാണ സംരംഭങ്ങൾ സംവിധാനം ചെയ്യുക.

Advertisement
Advertisement

Press ESC to close