തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ധനുഷ് നായകനായി അഭിനയിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ക്യാപ്റ്റൻ മില്ലർ. സംവിധായകൻ അരുൺ മാതേശ്വരൻ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഒരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാണ് പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന ഇതിന്റെ പ്രഖ്യാപന വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അടുത്ത വർഷം സമ്മർ റിലീസായി എത്തുമെന്ന് കരുതുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യാൻ പോകുന്നത് പ്രിയങ്ക മോഹനാണ്. ഇപ്പോഴിതാ, പ്രശസ്ത മലയാള നടൻ വിനായകനും ഇതിലൊരു നിർണ്ണായക വേഷം ചെയ്യാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുള്ള നടനാണ് വിനായകൻ. 2006 ഇൽ റിലീസ് ചെയ്ത തിമിര് ആണ് വിനായകന്റെ ആദ്യ തമിഴ് ചിത്രം.
അതിനു ശേഷം, സിലമ്പാട്ടം, സിരുതൈ, മാരിയൻ, ധ്രുവ നചത്രം എന്നീ തമിഴ് ചിത്രങ്ങളിലും വിനായകൻ അഭിനയിച്ചു. ധനുഷിനൊപ്പം ഇതിനു മുൻപ് മാരിയൻ എന്ന ചിത്രത്തിലാണ് വിനായകൻ അഭിനയിച്ചിട്ടുള്ളത്. ഇന്ന് മലയാളത്തിലെ ഏറെ തിരക്കുള്ള നടന്മാരിലൊരാളാണ് വിനായകൻ. നായകനായും വില്ലനായും സഹതാരമായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിലാണ് വിനായകൻ അഭിനയിക്കുന്നത്. സത്യജ്യോതി ഫിലിംസ് നിർമ്മിക്കാൻ പോകുന്ന ക്യാപ്റ്റൻ മില്ലറെന്ന ധനുഷ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നതു ജി വി പ്രകാശ് കുമാറാണ്. സംവിധായകൻ അരുൺ മാതേശ്വരൻ തന്നെ രചനയും നിർവഹിക്കുന്ന ഈ ചിത്രം 1930 – 40 കാലഘട്ടങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ്. ശ്രേയാസ് കൃഷ്ണ കാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് മദൻ കാർക്കിയും പൂർണ്ണ രാമസ്വാമിയും ചേർന്നാണ് സംഭാഷണങ്ങൾ രചിക്കുന്നത്.