ദളപതി വിജയ് നായകനായി എത്തിയ ലിയോ ആഗോള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം ആഗോള തലത്തിൽ 550 കോടി രൂപ കളക്ഷൻ പിന്നിട്ടു കുതിക്കുകയാണ്. അതിനിടയിൽ തമിഴ്‌നാട്ടിലും കേരളത്തിലും ഈ ചിത്രം ചില വമ്പൻ റെക്കോർഡുകൾ ഉണ്ടാക്കിക്കഴിഞ്ഞു. രജനികാന്ത് നായകനായ ജയിലർ, കമൽ ഹാസൻ നായകനായ വിക്രം എന്നിവയെയൊക്കെ മറികടന്ന് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസ്സറായ ലിയോ, അവിടെ നിന്ന് മാത്രം 200 കോടി നേടുന്ന രണ്ടാമത്തെ മാത്രം ചിത്രമാവാനുള്ള ഒരുക്കത്തിലാണ്. മാത്രമല്ല, 220 കോടിയോളം തമിഴ്നാട് കളക്ഷൻ നേടി അവിടെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന മണി രത്‌നം ചിത്രം പൊന്നിയിൻ സെൽവനെ വീഴ്ത്തി ലിയോ ഇൻഡസ്ട്രി ഹിറ്റായി മാറുമോ എന്നറിയാനുള്ള ഒരുക്കത്തിൽ കൂടിയാണ് ആരാധകരും ട്രേഡ് അനലിസ്റ്റുകളും. ഇപ്പോഴിതാ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും ലിയോ നേടിക്കഴിഞ്ഞു.
കേരളത്തിൽ 58 കോടിയോളം ഗ്രോസ് നേടി ഒന്നാം സ്ഥാനത്ത് നിന്ന രജനികാന്ത് ചിത്രം ജയിലറിനെയാണ് ലിയോ മറികടന്നത്. കേരളത്തിൽ നിന്ന് മാത്രം അൻപത് കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന രണ്ടാമത്തെ മാത്രം തമിഴ് ചിത്രവുമാണ് ലിയോ. കേരളത്തിൽ പുതിയ ഓപ്പണിങ് വീക്കെൻഡ് റെക്കോർഡും ആദ്യ ദിന കളക്ഷൻ റെക്കോർഡും സ്ഥാപിച്ച ലിയോ, ദളപതി വിജയ്ക്ക് കേരളത്തിലുള്ള താരമൂല്യമാണ് അടിവരയിടുന്നത്. ശ്രീ ഗോകുലം മൂവീസാണ് വമ്പൻ വിജയം നേടിയ ജയിലറും, ലിയോയും കേരളത്തിൽ വിതരണം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ഒരുക്കിയ ലിയോക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചനയും സംവിധായകൻ നൽകിയിട്ടുണ്ട്.