ഇന്നലെയാണ് ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം നടന്നത്. ജനുവരി ആദ്യം ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തോടൊപ്പം ഇതിൽ ജോലി ചെയ്യുന്ന സാങ്കേതിക പ്രവർത്തകരുടെ വിവരവും പുറത്ത് വിട്ടിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവർ ചേർന്നാണ്. ഇതിനു ക്യാമറ ചലിപ്പിക്കുന്നത് മനോജ് പരമഹംസയും എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജുമാണ്. ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ വിവരങ്ങൾ ഒഫീഷ്യലായി പുറത്ത് വിട്ടത്. കൈതി, വിക്രം എന്നീ ലോകേഷ് ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഈ ചിത്രമെന്ന് ആദ്യം വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കൈതി സിനിമയുടെ നിർമ്മാതാവ് ദളപതി 67 ന് ആശംസകൾ അറിയിച്ചു കൊണ്ടിട്ട പോസ്റ്റിൽ കുറിച്ച വാക്കുകൾ മറ്റൊരു യൂണിവേഴ്സിലേക്ക് വിരൽ ചൂണ്ടുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
പാരലൽ യൂണിവേഴ്സിൽ നിന്ന് എല്ലാ ആശംസകളും നേരുന്നു എന്നാണ് കൈതി നിർമ്മാതാവായ എസ് ആർ പ്രഭു കുറിച്ചത്. അതിന്റെ അർഥം കൈതി ഉൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ആവില്ല ഈ ചിത്രമെന്നാണ് ആരാധകർ പറയുന്നത്. അതിനു പകരം ദളപതി വിജയ് നായകനായി എത്തുന്ന ഒരു പുതിയ യൂണിവേഴ്‌സ് ആയിരിക്കും ലോകേഷ് ആരംഭിക്കുന്നതെന്നും, ലോകേഷ്- വിജയ് ടീം ആദ്യമായി ഒന്നിച്ച മാസ്റ്റർ എന്ന ചിത്രവുമായി ദളപതി 67 ന് ബന്ധം ഉണ്ടാകുമെന്നും അവർ കണക്കു കൂട്ടുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ കൈതി 2, വിക്രം 2, റോളക്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം, ലോകേഷ് യൂണിവേഴ്സും ദളപതി യൂണിവേഴ്സും ഒരുമിപ്പിച്ച് ഒരു വമ്പൻ ചിത്രത്തിലൂടെ വിജയ്, സൂര്യ, കമൽ ഹാസൻ, കാർത്തി എന്നിവരെ ഒരുമിച്ചു കൊണ്ട് വരാനുള്ള പ്ലാനിലാണ് ലോകേഷ് എന്നും ആരാധകർ ഉണ്ടാക്കിയ തിയറികൾ പറയുന്നുണ്ട്.
Best wishes from the parallel universe!!😉🤟🏼 https://t.co/vbemAEDfgO
— SR Prabu (@prabhu_sr) January 30, 2023