നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തിൽ മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന കഥയും സിനിമാപ്രേമികൾ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല. തന്റെ ഡിക്‌ടറ്റീവ് നോവൽ സിനിമയാക്കാൻ മദ്രാസിലേക്ക് വണ്ടി കയറിയ ഹിച്ച് കോക്കിന്റെ സ്വപ്‌നം 27 വർഷങ്ങൾക്ക് ശേഷം സിനിമയാകുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈൻ നിവിൻ പോളി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാവിധ ആശംസയും നേരുന്നതായും നിവിൻ വ്യക്തമാക്കി.
നമ്പര്‍ ട്വന്റി മദ്രാസ് മെയിലിലെ ഹിച്ച് കോക്കിന്റെ നോവലും വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രവും തമ്മിലുള്ള ബന്ധം പേരില്‍ മാത്രമാണുള്ളത്. രജിഷ് മിഥില രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയിൽ ആരംഭിച്ചു. അമിത് ചക്കാലയ്ക്കലാണ് ചിത്രത്തിലെ നായകൻ. ദിലീഷ് പോത്തൻ, നെടുമുടി വേണു, സുധി കോപ്പ, ധീരജ് ഡെന്നി, ഗോകുൽ, നന്ദു, ഷമ്മി തിലകൻ, ലെജി ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ.
നമ്പര്‍ 20 മദ്രാസ് മെയിലിൽ അഥിതി താരമായായിരുന്നു മമ്മൂട്ടി എത്തിയത്. അതുപോലെ തന്നെ ‘വാരിക്കുഴിയിലെ കൊലപാതക’ത്തിലും ഒരു സൂപ്പർ താരം അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചന. ടേക്ക് വൺ എന്റർടെയ്‌മെന്റ്സിന്റെ ബാനറിൽ കോഴിക്കോട്ടെ യുവ വ്യവസായികളായ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവരാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. അഭ്രപാളിയില്‍ അത്ഭുതങ്ങള്‍ തീരത്ത അനശ്വര പ്രതിഭകള്‍ക്ക് മുന്നില്‍ സിനിമ സമര്‍പ്പിക്കുന്നതായും പ്രേക്ഷകരുടെ പിന്തുണയും പ്രാര്‍ഥനയും ആവശ്യപ്പെടുന്നതായും നിർമാതാക്കൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.