
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഈ ചിത്രം വളരെ പ്രസക്തമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നത്. രഞ്ജിത്ത് സജീവനെ കൂടാതെ ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻ്റെ സംവിധായകൻ അരുൺ വൈഗ തനെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
സംവിധായകൻ്റെ വാക്കുകൾ ഇപ്രകാരം, “മെയ് 18 എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിവസമാണ്. ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷന്റെ ആദ്യഘട്ടം കഴിഞ്ഞ് ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിൽ എടുത്ത ഫോട്ടോയാണിത്. ഓരോ സിനിമയും ഒരു ജന്മം പോലെയാണ് ഒരു കഥ വികസിക്കുന്ന അന്നുമുതൽ പ്രേക്ഷകന്റെ മുൻപിൽ ആ സിനിമ എത്തിക്കുന്നത് വരെയുള്ള ഒരു യാത്ര അത് വിജയമായാൽ ആ ലഹരിയിൽ കുറച്ചുനാൾ മറ്റൊന്നായാൽ ആ വേദനയിൽ കുറെ നാൾ.. ചില ആരോഗ്യ പ്രശ്നങ്ങൾക്കിടയിൽ മറ്റു രണ്ടു സിനിമകളെ അപേക്ഷിച്ച് കുറച്ച് കൂടുതൽ ബുദ്ധിമുട്ടിയ ചില വേദനകളും പല പ്രതിസന്ധികളും ജീവിതത്തിലും ഒക്കെ സമ്മാനിച്ച സിനിമയാണിത്.പക്ഷേ ഷൂട്ടിംഗ് തുടങ്ങിയ ആ ദിവസം മുതൽ ഇന്നത്തെ ഈ സമയം വരെ എന്റെ ഉള്ളിൽ ഈശ്വരൻ എനിക്കൊരു തോന്നൽ സമ്മാനിച്ചു… പ്രതിസന്ധികളെ മറികടക്കാൻ എന്നെ മുന്നോട്ടു നയിക്കാൻ, ഞാൻ അറിയാതെ എന്നിൽ ഒരു ആവേശവും ആത്മവിശ്വാസവും ഒക്കെ സംഭവിച്ചു.. അതൊരു ശക്തിയായി.. ഊർജ്ജമായി.. എനിക്ക് എന്നോട് തന്നെ ഒരു സ്നേഹം.. ജീവിതത്തിൽ വിജയങ്ങൾ തേടിവന്നവർക്കൊക്കെ ഇതുപൊലെ ഈശ്വരൻ അനുഗ്രഹിച്ചു എന്തെങ്കിലും നൽകിയിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.. ഇനിയും കൂടുതൽ സിനിമകൾ ചെയ്യണം… പക്ഷേ ഇപ്പോ ഉള്ളിൽ ഒരു ഭയം. ഗുണ്ടജയൻ സിനിമ ഇറങ്ങുമ്പോൾ എന്റെ ചുറ്റും ഉണ്ടായിരുന്ന എനിക്ക് പ്രിയപെട്ടവർ പലരും ഇപ്പോ കൂടെ ഇല്ല പല പല വഴികളിൽ ആണ്. കൂടുതൽ ആൾക്കാരിൽ നമ്മളെ സമർപ്പിച്ച് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് എനിക്ക് ഇപ്പോ തോന്നുന്നു. മറ്റൊന്നുമല്ല വളരെ ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്ന അതുപോലുള്ള കാര്യങ്ങളിൽ വളരെ വിഷമിക്കുന്ന ആളാണ് ഞാൻ. ഇപ്പോ പലപ്പോഴും ഒറ്റക്കാണ് അതുകൊണ്ട് തന്നെ ഈശ്വരൻ നൽകിയ ആ തോന്നലിനെ എന്റെ മനസ്സു കൂടുതൽ ആഗ്രഹിക്കുന്നു, ഇതു എന്നിൽ നിൽക്കുമോ എത്ര നാൾ..? നമ്മുടെ തീരുമാനത്തിൽ നിർത്താൻ പറ്റാത്ത ആ തോന്നലിനെ എനിക്ക് നഷ്ടമാവുമോ.. വല്ലാത്ത ഒരു നിസഹായതയാണ്.. ശരിക്കും ജീവിതത്തിൽ അങ്ങനെ ഉണ്ടോ അതോ ഇതൊക്കെ ഒരു “തോന്നൽ” തന്നെ ആണോ.. സിനിമയുടെ ഫൈനൽ ഔട്ട് എടുക്കുന്നു അപ്പോ എന്തെക്കയോ എഴുതാൻ തോന്നി.. സിനിമ റിലീസ് ആവാൻ അഞ്ച് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒരു സംവിധായകന്റെ ആദിയും ആവാം ഇങ്ങനെ ഒക്കെ പറയുന്നത്. ഒരു സിനിമയുടെ യാത്രയുടെ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ആ സംവിധായകന്റെ രസമുള്ള ഓർമ്മകളും നൊമ്പരങ്ങളും പ്രതീക്ഷയും ആണ് ഇതെന്ന് പുറത്ത് നിന്ന് കാണുന്ന സാധരണക്കാരനായ അരുണിന്റെ മനസിന് അറിയാം.. സിനിമ ഈ 23 നെ ആണ് ഇറങ്ങുന്നത്.. ഒരു ആത്മവിശ്വാസം ഉണ്ട്.. എന്റെ തോന്നൽ എന്റെ കൂടെ ഉണ്ടാകും.. ഇനിയും മുൻപോട്ട് എന്നെ നയിക്കും.. ഈശ്വരൻ കൈ വിടില്ല എന്ന് കരുതുന്നു… പ്രാർത്ഥിക്കുന്നുണ്ട് “.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി സുമേഷ് & ജിഷ്ണു, ആക്ഷൻ ഫിനിക്സ് പ്രഭു, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം മെൽവി ജെ, എഡിറ്റർ അരുൺ വൈഗ, കലാസംവിധാനം സുനിൽ കുമാരൻ. അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.പി ആർ ഒ- അരുൺ പൂക്കാടൻ.