ട്രിപ്പിൾ റോളുമായി ടോവിനോ തോമസ്; അജയന്റെ രണ്ടാം മോഷണം ആരംഭിച്ചു

Advertisement

മലയാളത്തിന്റെ യുവതാരമായ ടോവിനോ തോമസ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ഈ ചിത്രം ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റാണ്. ഏതായാലും ഇപ്പോൾ തന്റെ പുതിയ ചിത്രം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ടോവിനോ തോമസ്. അജയന്റെ രണ്ടാം മോഷണമെന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മൂന്നു വേഷങ്ങൾ ചെയ്ത് കൊണ്ടാണ് ടോവിനോ എത്തുന്നതെന്നതാണ് ഇതിന്റെ ഹൈലൈറ്റ്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവീനോ അഭിനയിക്കുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് ടോവിനോ തോമസ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് സുജിത്ത് നമ്പ്യാര്‍ ആണ്. തമിഴില്‍ നിന്നുള്ള സംഗീത സംവിധായകന്‍ ദിപു നൈനാന്‍ തോമസ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ക്രിസ്റ്റി സെബാസ്റ്റ്യന്‍ ആയിരിക്കും. തെന്നിന്ത്യന്‍ നടി കൃതി ഷെട്ടി നായികാ വേഷത്തിലെത്തുമെന്നു കരുതപ്പെടുന്ന ഈ ചിത്രം വടക്കൻ കേരളത്തിലാണ് ഷൂട്ട് ചെയ്യുക. കാഞ്ഞങ്ങാടാണ്‌ ഈ സിനിമയുടെ ചിത്രീകരണം നടക്കുക എന്ന്, അണിയറ പ്രവർത്തകർക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ട് നിർമ്മാതാവ് ബാദുഷ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രമായിരിക്കും ഇനി ടോവിനോ തോമസ് നായകനായി എത്തുന്ന അടുത്ത റിലീസ്. ഈ വരുന്ന ഡിസംബറിലാണ്‌ നീലവെളിച്ചം റിലീസ് ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close