2023 ൽ മലയാളി പ്രേക്ഷകർ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷം ശ്രീ മോഹൻലാൽ പ്രതികരിച്ചത് ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഒന്നായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ്. ഇപ്പോഴിത ചിത്രത്തിൻറെ അസോസിയേറ്റായി പ്രവർത്തിച്ച ടിനു പാപ്പച്ചൻ മോഹൻലാൽ ആരാധകർക്ക് ആവേശം കൊള്ളിക്കുന്ന പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ഇന്‍ട്രൊ സീനിനെ കുറിച്ചാണ് ടിനു പാപ്പച്ചൻ മനസ്സ് തുറന്നത്. ” തിയറ്ററിന്റെ പുറത്ത് നിന്ന് ആദ്യ ഷോ കാണുകയാണെങ്കില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രൊയ്ക്ക് തിയറ്റര്‍ കുലുങ്ങുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ്” ടിനു പാപ്പച്ചന്‍ ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിൽ പ്രതികരിച്ചത്. കൂടാതെ ചിത്രത്തെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ പങ്കുവയ്ക്കാൻ തനിക്ക് അവകാശമില്ലങ്കിലും ചിത്രം ഗംഭീര വിരുന്നായിരിക്കും പ്രേക്ഷകർക്കായി സമ്മാനിക്കുകയെന്ന കാര്യത്തിൽ സംശയമില്ലെന്നും, ഈ പ്രതികരണം കേൾക്കുമ്പോൾ, തന്നെ ആളുകള്‍ എയറില്‍ കേറ്റുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
130 ദിവസങ്ങൾ പൂർത്തിയാക്കിയാണ് ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. രാജസ്ഥാൻ,പോണ്ടിച്ചേരി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിൻറെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീക്കാണ്.
സൊണാലി കുല്‍ക്കര്‍ണി,ഡാനിഷ് സെയ്ത്, രാജീവ് പിള്ള, ഹരീഷ് പേരാടി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.