വരാനിരിക്കുന്നത് മലൈക്കോട്ടൈ വാലിബന്റെ ബോക്സ് ഓഫിസ് താണ്ഡവം; തീയായ് പടർന്ന് പുത്തൻ അപ്‌ഡേറ്റുകൾ

Advertisement

മലയാളത്തിന്റെ മോഹൻലാലിനെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണുകളിലൂടെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ വീണ്ടും സോഷ്യൽ മീഡിയയെ അക്ഷരാർത്ഥത്തിൽ തീ പിടിപ്പിക്കുകയാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി അടുത്ത വർഷം ജനുവരി 25 നാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനം എന്നിവയെല്ലാം വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും. അമ്പരപ്പിക്കുന്ന മേക്കോവറിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ഈ പോസ്റ്ററുകൾ അന്താരാഷ്ട്ര നിലവാരമാണ് പുലർത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയർത്തുന്ന ഈ പോസ്റ്ററുകൾ വരാനിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ബോക്സ് ഓഫിസ് താണ്ഡവം തന്നെയാണ് സൂചിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരിയുടെ കഥക്ക് പി എസ് റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രം ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രാജസ്ഥാൻ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ, എഡിറ്റിംഗ് നിർവഹിച്ചത് ദീപു ജോസഫ് എന്നിവരാണ്. സൊനാലി കുൽക്കർണി, കാത്ത നന്ദി, ഹരീഷ് പേരാടി, മനോജ് മോസസ്, മണികണ്ഠൻ ആചാരി, സുചിത്ര നായർ, ഹരിപ്രശാന്ത് വർമ്മ, ഡാനിഷ് സൈത്, രാജീവ് പിള്ളൈ, സഞ്ജന ചന്ദ്രൻ, ആൻഡ്രിയ റവേറ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close