പുതുവർഷം ഭരിക്കാൻ സീനിയേഴ്സ്; ജനുവരിയിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം ചിത്രങ്ങൾ

Advertisement

2024 എന്ന വർഷത്തിലേക്ക് നമ്മൾ കാലെടുത്ത് വെക്കുമ്പോൾ മലയാള സിനിമയും തുടങ്ങുന്നത് വലിയ പ്രതീക്ഷകളോടെയാണ്. സാധാരണ ജനുവരി മാസത്തിൽ ഒന്നിലധികം വലിയ ചിത്രങ്ങൾ മലയാളത്തിൽ നിന്നും പ്രദർശനത്തിന് എത്തുന്നത് അപൂർവമാണ്. എന്നാൽ ഈ തവണ ജനുവരി മാസത്തിൽ മലയാളത്തിലെ പ്രശസ്ത താരങ്ങളൊക്കെ വെള്ളിത്തിരയിലെത്തുന്നുണ്ട് എന്ന പ്രത്യേകതയാണുള്ളത്. അതിൽ ആദ്യം എത്തുന്നത് ജയറാമും മെഗാസ്റ്റാർ മമ്മൂട്ടിയുമാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലെർ എന്ന ചിത്രവുമായി ആണ് ജയറാം- മമ്മൂട്ടി ടീം എത്തുന്നത്. ജയറാം നായകനായ ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ജനുവരി പതിനൊന്നിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അതിന് ശേഷം എത്തുക, ജനപ്രിയ നായകൻ ദിലീപ് നായകനായ തങ്കമണിയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി പത്തൊന്പതിന്‌ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

ജനുവരിയിലെ ഏറ്റവും വലിയ മലയാളം റിലീസ് ആയി എത്തുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബനാണ്‌. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ഈ ചിത്രം ജനുവരി 25 നാണ് ആഗോള റിലീസായി എത്തുക. വമ്പൻ കാൻവാസിൽ ഒരുക്കപ്പെട്ട ഈ ചിത്രം മലയാള സിനിമയിലേക്ക് ഒട്ടേറെ അംഗീകാരങ്ങൾ കൊണ്ട് വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇത് കൂടാതെ ഒരുപിടി ചെറിയ ചിത്രങ്ങളും ഈ വരുന്ന ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും. രജനികാന്ത്, ധനുഷ്, ശിവകാർത്തികേയൻ, മഹേഷ് ബാബു, വെങ്കിടേഷ്, ഹൃതിക് റോഷൻ എന്നീ അന്യഭാഷാ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും 2024 ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close