2023 ലെ ഏറ്റവും വലിയ അഞ്ച് ഹിറ്റുകൾ; മലയാള സിനിമാ ബോക്സ് ഓഫീസ് അവലോകനം

Advertisement

2023 എന്ന വർഷം പിന്നിടുമ്പോൾ മലയാള സിനിമയിൽ ബാക്കിയാകുന്നത് ഒരിക്കൽ കൂടി വലിയ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ്. ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചത് വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണെന്നത് ഒരു വ്യവസായമെന്ന നിലയിൽ സിനിമാ മേഖലക്ക് വലിയ ആശങ്ക സമ്മാനിക്കുന്നുണ്ട്. ഏകദേശം 220 ഓളം ചിത്രങ്ങളാണ് 2023 ഇൽ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് എത്തിയത്. അതിൽ വെറും പത്തോളം ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകർ സ്വീകരിച്ചത്. സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം യുവതാരങ്ങളും വലിയ വിജയങ്ങളുടെ ഭാഗമായപ്പോൾ ഇവരൊക്കെ തന്നെയും പരാജയ ചിത്രങ്ങളും ഈ വർഷം തന്നെ സമ്മാനിച്ചിട്ടുണ്ട്. 2023 ഇൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ അഞ്ച് ചിത്രങ്ങൾ ഏതൊക്കെയെന്നറിയാം.

Advertisement

2018

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ലാൽ, നരെയ്ൻ എന്നിവരെയെല്ലാം കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ഈ ചിത്രം മലയാളത്തിലെ ഇപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റാണ്. 2018 ഇൽ കേരളത്തെ ബാധിച്ച വെള്ളപ്പൊക്ക ദുരന്തത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം കേരളത്തിൽ നിന്ന് 89 കോടിയും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 175 കോടിയുമാണ് കളക്ഷൻ നേടിയത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമ്മിച്ചത്.

ആർഡിഎക്സ്

ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ഈ യുവതാര ചിത്രം വമ്പൻ ബ്ലോക്ക്ബസ്റ്ററായി മാറിയത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ആഗോള തലത്തിൽ നിന്ന് 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിക്ക് മുകളിലും കളക്ഷൻ നേടി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കണ്ണൂർ സ്‌ക്വാഡ്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ഈ ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ഈ ലിസ്റ്റിലെ മൂന്നാം സ്ഥാനത്തുള്ളത്. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ച ഈ ചിത്രം ആഗോള തലത്തിൽ 82 കോടിയും കേരളത്തിൽ നിന്ന് 42 കോടിയുമാണ് നേടിയത്. നടൻ റോണി ഡേവിഡ് രാജ് രചന പങ്കാളിയായ ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ എന്നിവരും വേഷമിട്ടിട്ടുണ്ട്.

രോമാഞ്ചം

ഈ വർഷത്തെ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് രോമാഞ്ചം. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരും ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന വേഷങ്ങൾ ചെയ്ത ഈ ഹൊറർ കോമഡി ചിത്രം സംവിധാനം ചെയ്തത് ജിത്തു മാധവൻ എന്ന നവാഗതനാണ്. ആഗോള തലത്തിൽ 70 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ്.

നേര്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ഇമോഷണൽ കോർട്ട് റൂം ഡ്രാമ ക്രിസ്മസ് റിലീസായി ഡിസംബർ അവസാന വാരമാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 9 ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷനായി 50 കോടി പിന്നിട്ട നേര്, നിലവിലെ തീയേറ്റർ ട്രെൻഡ് വെച്ച് നോക്കിയാൽ ഫൈനൽ കളക്ഷൻ ലിസ്റ്റിൽ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി 2018 എന്ന ചിത്രത്തിന് പിന്നിൽ അവസാനിക്കാനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകൾ കാണുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.

ഇവ കൂടാതെ ഫാലിമി, മധുര മനോഹര മോഹം, കാതൽ, വോയിസ് ഓഫ് സത്യനാഥൻ, റീ റിലീസ് ചെയ്ത സ്ഫടികം തുടങ്ങി ഒരുപിടി ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം നേടി. അന്യ ഭാഷാ ചിത്രങ്ങളായ ലിയോ, ജയിലർ, പത്താൻ, ജവാൻ ,മാർക്ക് ആന്റണി, അനിമൽ എന്നീ ചിത്രങ്ങളും കേരളത്തിലെ തീയേറ്ററുകളിൽ ആളെയെത്തിച്ചിട്ടുണ്ട്

Advertisement

Copyright © 2017 onlookersmedia.

Press ESC to close