പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് ഓണകാലത്തു തീയറ്റർ ഇളക്കിമറിക്കാൻ ഒരുങ്ങുകയാണ് മോഹന്‍ലാലിന്‍റെ റാം, ദുല്‍ഖര്‍ സല്‍മാന്‍റെ കിങ് ഓഫ് കൊത്ത എന്നീ രണ്ട് ചിത്രങ്ങൾ. ബിഗ് ബഡ്ജറ്റ് മുതൽമുടക്കിൽ തയ്യാറാക്കിയ ഈ രണ്ട് സിനിമകളും ഈ വർഷം ഓഗസ്റ്റ് റിലീസിന് എത്തുമെന്ന് സൂചനങ്ങളുണ്ട്. ഓണക്കാലം വലിയൊരു ആഘോഷമാക്കി തീരുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ആരാധകർക്കുള്ളത്.
മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം ‘ കോവിഡ് കാലത്തായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. ഇടയ്ക്ക് വെച്ച് കോവിഡ് പ്രതിസന്ധികൾ മൂലം ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടി വന്നുവെങ്കിലും പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു. തമിഴകത്തിന്റെ പ്രിയ നായിക തൃഷയാണ് റാമിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാൻ, കെയ്റോ, ലണ്ടൻ കേരളം തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ചിത്രത്തിൻറെ ചിത്രീകരണം നടത്തിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായി നിർമ്മിക്കുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ലോക്ക് ചെയ്യുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്ക് ആമസോൺ പ്രൈം വാങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അതേസമയം ബോക്സ്ഓഫീസിൽ നേർക്കുനേർ പോരാട്ടത്തിനായി ദുൽഖർ ചിത്രവുമുണ്ട്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലായി വമ്പൻ റിലീസിന് ഒരുങ്ങുകയാണ് ദുൽഖർ സൽമാൻറെ ‘കിംഗ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകർ പോസിറ്റീവ് കമൻറുകൾ നൽകി കഴിഞ്ഞു. ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യത്തോടെ കൂടിയാണ് ഒരുക്കിയിരിക്കുന്നത്. “നീണ്ട നാളുകളായി ഞാൻ ചെയ്ത ചിത്രങ്ങളിൽ നിന്ന് ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു ചിത്രമായിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് “ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളികൾ നിറഞ്ഞൊരു സിനിമയാണെന്നും ദുൽഖർ ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടികൾ നൽകിയിരുന്നു. ഈ മറുപടികളൊക്കെ ചിത്രത്തിൻറെ പ്രതീക്ഷകളെ വാനോളമാണ് ഉയർത്തുന്നത്. കൊത്തയിലെ രാജാവിനെ കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.