
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ജി.ഡി. നായിഡു’ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ ആദ്യത്തെ മോട്ടോർ വാഹനമായ ‘ബെൻസ് പേറ്റന്റ്-മോട്ടോർവാഗന്റെ’ (Benz Patent-Motorwagen 1886) അപൂർവ്വ മോഡൽ ലുലു മാളിൽ പ്രദർശനത്തിന് എത്തി.
ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന പ്രശസ്ത ശാസ്ത്രജ്ഞനും കണ്ടുപിടുത്തക്കാരനുമായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ വർഗീസ് മൂലൻസ് പിക്ചേഴ്സും ട്രൈ കളർ ഫിലിംസും ചേർന്നാണ്.
1886-ൽ കാൾ ബെൻസ് രൂപകൽപ്പന ചെയ്ത ആന്തരിക ദഹന യന്ത്രം (Internal Combustion Engine) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറിന്റെ മാതൃകയാണ് ലുലു മാളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ഈ ചരിത്ര വാഹനം നേരിട്ട് കാണാൻ നിരവധി ആളുകളാണ് മാളിൽ എത്തുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശാസ്ത്രലോകത്തേക്കുള്ള ജി. ഡി. നായിഡുവിന്റെ യാത്രയും ഒരു സംരംഭകനെന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അവതരിപ്പിക്കുന്നു.
മാധവനൊപ്പം സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാറാണ്.
2022ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടും ഒരു ശാസ്ത്രജ്ഞന്റെ ജീവിതകഥയുമായി എത്തുന്ന ചിത്രം കൂടിയാണ് ജി.ഡി.എൻ. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് വസന്തയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിർവഹിക്കുന്നു.
വർഗീസ് മൂലൻ, വിജയ് മൂലൻ, സരിത മാധവൻ, ആർ. മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ജി.ഡി. നായിഡു’ ഓഗസ്റ്റ് 7-ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഉർവശി തിയേറ്റേഴ്സാണ്.
പി ആർ ഓ : ഐശ്വര്യ രാജ്.