മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമ ജീവിതം പരിശോധിക്കുകയാണെങ്കിൽ കുറെയേറെ പകരം വെക്കാൻ കഴിയാത്ത വേഷങ്ങൾ അദ്ദേഹം ചെയ്തു കൂട്ടിയിട്ടുണ്ട്. മൂന്ന് തവണയാണ് മികച്ച നടനുള്ള നാഷണൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. ബി.ആർ അംബേദ്കറുടെ ജീവിതകഥയിൽ നായകനായി വിസ്മയിപ്പിച്ചു ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിനമായിമാറിയ താരത്തിന് ഒട്ടനവധി അവാർഡുകളും തേടിയെത്തി. ഇന്ത്യയിലെ 9 ഭാഷയിലും ചിത്രം ഡബ് ചെയ്ത് ഇറങ്ങി എന്നത് വലിയൊരു പ്രത്യേകതയാണ്.
അംബേദ്കർ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു സംഭവം അടുത്തിടെ മഴവിൽ മനോരമയുടെ ഇന്റർവ്യൂയിൽ മമ്മൂട്ടി പങ്കുവെക്കുകയുണ്ടായി. പുണെ യൂണിവേഴ്‌സിറ്റിയിലായിരുന്നു അംബേദ്കറുടെ ചിത്രീകരണം നടന്നിരുന്നത്. അംബേദ്കറുടെ വേഷപകർച്ചയിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ കാലിൽ ഒരു വ്യക്തി വീഴുകയുണ്ടായി, കൊട്ടും സ്യുട്ടും ധരിച്ച ആ വ്യക്തി പുണെ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. അംബേദ്കറെ ഏറെ ആരാധിക്കുന്ന ആ മനുഷ്യൻ ‘ബാബാ സാഹേബ്, സോറി’ എന്ന് പറഞ്ഞുകൊണ്ട് കരയുകയായിരുന്നു. മമ്മൂട്ടിയുടെ വേഷപകർച്ചയിൽ ഒരു മുൻപരിചയം പോലും ഇല്ലാത്ത മമ്മൂട്ടിയെ സാക്ഷാൽ അംബേദ്കറായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ടെങ്കിൽ ഒരു കഥാപാത്രത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും അത് തന്നെയാണ് എന്ന് മമ്മൂട്ടി സൂചിപ്പിക്കുകയുണ്ടായി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡോ. ബാബാ സാഹേബ് അംബേദ്കർ.
വീണ്ടും വർഷങ്ങൾക്ക് ശേഷം ഒരു ബയോപ്പിക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുകയാണ്. വൈ. എസ്. ആറിന്റെ ജീവിതം ആസ്പദമാക്കി തെലുഗിൽ ഒരുങ്ങുന്ന ചിത്രമാണ് ‘യാത്ര’. മമ്മൂട്ടിയെ നായകനാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാത്ര’. മമ്മൂട്ടിയുടെ മകളായി ഭൂമിക ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് നടൻ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും എന്ന് സൂചനയുണ്ട്. രാഷ്ട്രീയ ജീവിതത്തെ കേന്ദ്രികരിച്ചു ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.