കീർത്തിചക്രക്ക് ശേഷം മോഹൻലാൽ- ജീവ ടീം വീണ്ടും; ഇത്തവണ വമ്പൻ ചിത്രത്തിൽ?

Advertisement

പ്രശസ്ത സംവിധായകൻ മേജർ രവി ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായിരുന്നു കീർത്തിചക്ര. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പട്ടാള ചിത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കീർത്തിചക്രയിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് നായകനായി എത്തിയത്. അദ്ദേഹത്തിനൊപ്പം തമിഴ് യുവതാരം ജീവയും ഈ ചിത്രത്തിൽ വളരെ നിർണായകമായ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ജീവ വീണ്ടും മലയാളത്തിലെത്തുകയാണെന്ന വാർത്തകളാണ് വരുന്നത്. മോഹൻലാലിനൊപ്പം തന്നെയാണ് ജീവ വീണ്ടുമെത്തുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി രണ്ടാം വാരം ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ ജീവയും ഭാഗമാകുമെന്നുള്ള സ്ഥിതീകരിക്കാത്ത വാർത്തകളാണ് വരുന്നത്.

ഉലകനായകൻ കമൽഹാസൻ ഇതിന്റെ ക്ളൈമാക്സിൽ അതിഥി വേഷം ചെയ്യുമെന്നും വാർത്തകൾ വന്നിരുന്നു. ബോളിവുഡ് ഹാസ്യ താരം രാജ്പാൽ യാദവ്, മറാത്തി നടി സൊനാലി, ബംഗാളി നടി കാത്ത നന്ദി, കന്നഡ നടൻ ഡാനിഷ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. മലയാളത്തിൽ നിന്ന് മണികണ്ഠൻ ആചാരിയും ഈ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് സൂചന. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബൻ ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആണ് ഈ ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനവും ഒരുക്കുക എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി- പി എസ് റഫീഖ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, ഇതിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുക ദീപു ജോസഫ് എന്നിവരാണ്. കെ ജി എഫ്, കാന്താര എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ ആയ വിക്രം മോർ ആണ് ഇതിന്റെ ആക്ഷൻ ഡയറക്ടർ എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close