വില്ലനിസത്തിന്റെ പുതിയ രൂപവും ഭാവുവുമായി സണ്ണി വെയ്ൻ; കയ്യടി നേടി വേലയിലെ മല്ലികാർജ്ജുനൻ

Advertisement

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച വേല ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ മുന്നേറുകയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത വേല നവാഗതനായ ശ്യാം ശശിയാണ് സംവിധാനം ചെയ്തത്. എം സജാസിന്റെ രചനയിൽ ഒരുങ്ങിയ ഈ ക്രൈം ഡ്രാമ, മലയാള സിനിമാ പ്രേക്ഷകർക്ക് തീർത്തും പുതുമ സമ്മാനിക്കുന്ന ഒരു പശ്‌ചാത്തലത്തിലാണ്‌ കഥ പറയുന്നത്. ഒരു പോലീസ് കണ്ട്രോൾ റൂമിന്റെ പശ്‌ചാത്തലത്തിൽ, ഉല്ലാസ് അഗസ്റ്റിൻ എന്ന സിവിൽ പോലീസ് ഓഫീസറും മല്ലികാർജ്ജുനൻ എന്ന ഉയർന്ന റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന ഉരസലിലൂടെ കൂടുതൽ വലിയ ചില കുറ്റകൃത്യങ്ങളുടെ സത്യാന്വേഷണത്തിലേക്ക് വേല സഞ്ചരിക്കുന്നു. ഉല്ലാസ് അഗസ്റ്റിനായി ഷെയ്ൻ നിഗം പതിവ് പോലെ ഗംഭീര പ്രകടനം നൽകിയപ്പോൾ, അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് സണ്ണി വെയ്ൻ ആണ്. തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് മല്ലികാർജ്ജുനൻ എന്ന വില്ലൻ കഥാപാത്രമായി സണ്ണി നൽകിയത്.

വില്ലനിസത്തിന് സണ്ണി വെയ്ൻ നൽകിയ പുത്തൻ രൂപവും ഭാവവും മാനറിസങ്ങളുമാണ് ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിച്ചത്. ജാതിവെറി ബാധിച്ച ഒരു സവർണ്ണ പുരുഷ ബോധത്തിന്റെ ആൾ രൂപം കൂടിയാണ് മല്ലികാർജ്ജുനൻ. ചിത്രത്തിലെ പല രംഗങ്ങളിലും, ഡയലോഗുകളിലും മല്ലികാർജ്ജുനൻ തന്റെ ഈ മനസ്ഥിതി പ്രകടമാക്കുന്നുമുണ്ട്. അതിനെല്ലാം സണ്ണി വെയ്ൻ കൊടുത്ത ശരീര ഭാഷയും ഞെട്ടിക്കുന്നതായിരുന്നു. ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും, ഭാവ പ്രകടനം കൊണ്ടും മല്ലികാർജ്ജുനൻ എന്ന കഥാപാത്രത്തിന് സണ്ണി വെയ്ൻ കൊടുത്ത പൂർണ്ണത, ആ കഥാപാത്രമായി മറ്റാരേയും നമ്മുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം അതിനെ കൊണ്ടെത്തിച്ചിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം, ഇമേജിന്റെ ഭാരത്താൽ തളക്കപ്പെട്ടു കിടക്കാതെ, സധൈര്യം ഏറ്റെടുത്തു ചെയ്തു വിജയിപ്പിച്ചതിനാണ് സണ്ണി വെയ്ൻ എന്ന പ്രതിഭ കയ്യടിയർഹിക്കുന്നത്. ഒപ്പം ഇനി വരാനിരിക്കുന്ന ഒട്ടനേകം സണ്ണി വെയ്ൻ കഥാപാത്രങ്ങൾ കാത്തിരിക്കാനുള്ള ആവേശം കൂടിയാണ് ഈ നടൻ വേലയിലൂടെ നമ്മുക്ക് സമ്മാനിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close