മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ ഫഹദ് ഫാസിൽ; ആ വമ്പൻ ടീമിന്റെ വൈറൽ വീഡിയോ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമാണ് ടർബോ. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീം ഒന്നിക്കുന്ന ടർബോ നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. യുവ താരം സണ്ണി വെയ്ൻ, തമിഴ് നടൻ അർജുൻ ദാസ്, തെലുങ്ക് താരം സുനിൽ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ പാച്ചുവും അത്ഭുത വിളക്കും ഫെയിം അഞ്ജന ജയപ്രകാശ്, പ്രശസ്ത മലയാള യുവനടി നിരഞ്ജന അനൂപ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നടൻ ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും എത്തിയ വീഡിയോയാണ് വൈറലായി മാറുന്നത്. സംവിധായകൻ വൈശാഖിനൊപ്പം അവർ സമയം ചിലവഴിക്കുന്നതും വീഡിയോയിൽ കാണാം.

മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും അതിലുണ്ടാകുമെന്നും ആ ചിത്രം നിർമ്മിക്കാൻ പോകുന്നത് ഫഹദ് ഫാസിലാണെന്നും വാർത്തകൾ വന്നിരുന്നു. അതിന്റെ ചർച്ചകൾക്ക് വേണ്ടിയാണ് ഫഹദും മഹേഷും മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിലൊരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനുകൾ കൂടുതലും വിദേശത്താണ്. മമ്മൂട്ടി കമ്പനിയും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏതായാലും വലിയ കാൻവാസിൽ വമ്പൻ താരനിരയിൽ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത ആരാധകരെ ഇതിനോടകം ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇമ്മാനുവൽ, പ്രമാണി തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി- ഫഹദ് ഫാസിൽ ടീം ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close