ബോയ്‌കോട്ട് ബോളിവുഡ് ഹാഷ്ടാഗ് അവസാനിപ്പിക്കാൻ താങ്കൾക്ക് കഴിയും; ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി സുനിൽ ഷെട്ടി

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയായ ഹിന്ദി സിനിമ അഥവാ ബോളിവുഡ്, തങ്ങളുടെ ഏറ്റവും മോശം സമയത്ത് കൂടെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കടന്നു പോകുന്നത്. തെന്നിന്ത്യൻ ചിത്രങ്ങൾ വിജയങ്ങളുടെ വലിപ്പം കൊണ്ടും പ്രമേയങ്ങളുടെ നിലവാരം കൊണ്ടും ഇന്ത്യ മുഴുവൻ തരംഗമായി മാറുമ്പോൾ, ബോളിവുഡ് ചിത്രങ്ങളുടെ നിലവാര തകർച്ച ചർച്ച ചെയ്യപ്പെടുകയാണ്. നോർത്ത് ഇന്ത്യൻ പ്രേക്ഷകരും ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ കൂടുതലായി കാണുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ, ബോളിവുഡ് ചിത്രങ്ങളെ അവർ നിശിതമായി വിമർശിക്കുകയുമാണ്. ബോളിവുഡിൽ ആകെ ശ്രദ്ധ നേടുന്നത് തെന്നിന്ത്യൻ ചിത്രങ്ങളുടെ ചില റീമേക്കുകൾ മാത്രമാണെന്നത് ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നു എന്ന് മാത്രമല്ല, ഇപ്പോൾ ബോയ്‌കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നിൽക്കുകയാണ്.

Advertisement

എന്നാൽ ഈ ഹാഷ്ടാഗ് അവസാനിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിചാരിച്ചാൽ കഴിയുമെന്നും, അതിന് അദ്ദേഹം മുൻകൈ എടുക്കണമെന്നും അപേക്ഷിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം സുനിൽ ഷെട്ടി. പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് തിരിച്ചു കൊണ്ട് വരാൻ ഇത്തരം നടപടികൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും സുനിൽ ഷെട്ടി പറയുന്നു. ബോളിവുഡിൽ ചില മോശം വ്യക്തികളോ മോശം കീഴ്വഴക്കങ്ങളോ ഉണ്ടായിട്ടുണ്ടാകാമെങ്കിലും എല്ലാവരും അങ്ങനെയല്ലെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർക്കുന്നു. ഇത്തരം ഹാഷ്ടാഗുകൾ പ്രചരിക്കുമ്പോൾ അത് ബോളിവുഡ് സിനിമയെ വളരെ പ്രതികൂലമായാണ് ബാധിക്കുന്നതെന്നും സുനിൽ ഷെട്ടി പറയുന്നു. സുനിൽ ഷെട്ടിയോടൊപ്പം ഈ ചർച്ചയിൽ ജാക്കി ഷറോഫ് ഉൾപ്പെടെയുള്ള മറ്റ് ബോളിവുഡ് പ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ വർഷം തന്നെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ബോളിവുഡിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close