ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർ എസ് എസ് രാജമൗലി ഇപ്പോൾ അമേരിക്കയിലാണ്. തന്റെ ചിത്രമായ ആർആർആർ നേടുന്ന അന്താരാഷ്ട്ര പുരസ്‍കാരങ്ങളുടെ നിറവിലാണ് അദ്ദേഹമിപ്പോൾ. രണ്ട് ദിവസം മുൻപാണ് ആർആർആറിലെ സംഗീതത്തിന് ഇതിന്റെ സംഗീത സംവിധായകൻ കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്‍കാരം നേടിയത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച സംഗീത സംവിധായകനായി കീരവാണി മാറി. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിച്ച, ആർആർആറിലെ നാട്ടു നാട്ടു ഗാനമാണ് അവാർഡ് നേടിയത്. അവാർഡ് പ്രഖ്യാപന ചടങ്ങിൽ കീരവാണിക്കൊപ്പം രാജമൗലി, ആർആർആറിലെ നായകന്മാരായ റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവരും ഉണ്ടായിരുന്നു. ഇപ്പോഴിതാ അമേരിക്കയിൽ വെച്ചു താൻ വിഖ്യാത ചലച്ചിത്രകാരൻ സ്റ്റീവൻ സ്പീൽബെർഗിനെ കണ്ടപ്പോഴുള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് എസ് എസ് രാജമൗലി.
താനിപ്പോൾ ദൈവത്തെ കണ്ടു എന്ന കുറിപ്പോടെയാണ് സ്റ്റീവൻ സ്പീൽബർഗിനൊപ്പമുള്ള ചിത്രം അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്. സ്പീൽബെർഗിനെ കണ്ട് അക്ഷരാർത്ഥത്തിൽ അമ്പരന്ന് നിൽക്കുന്ന രാജമൗലിയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അവാർഡിന് അർഹമായ നാട്ടു നാട്ടു ഗാനം തനിക്ക് ഇഷ്ടമായെന്ന് സ്റ്റീവൻ സ്പീൽബർഗ് പറഞ്ഞപ്പോൾ തനിക്ക് അത് അവിശ്വസനീയമായ നിമിഷമായിരുന്നു എന്ന് സംഗീത സംവിധായകൻ കീരവാണിയും കുറിച്ചു. ഏതായാലും ഒട്ടേറെ വമ്പൻ നേട്ടങ്ങളാണ് ആർആർആർ എന്ന ചിത്രം ഇന്ത്യൻ സിനിമയ്ക്കു സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം ആയിരം കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മെഗാബ്ലോക്ക്ബസ്റ്റർ കൂടിയാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.
I just met GOD!!! ❤️🔥❤️🔥❤️🔥 pic.twitter.com/NYsNgbS8Fw
— rajamouli ss (@ssrajamouli) January 14, 2023