2001 ഓഗസ്റ്റ് 31 നു ആണ് ഒരോണം റിലീസ് ആയി രാവണപ്രഭു എന്ന മോഹൻലാൽ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. മലയാള സിനിമയിലെ ഓൾ ടൈം ക്ലാസിക് ബ്ലോക്ക്ബസ്റ്റർ ആയ മോഹൻലാൽ- ഐ വി ശശി ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗം ആയാണ് രാവണപ്രഭു എന്ന മാസ്സ് എന്റെർറ്റൈനെർ എത്തിയത്. ദേവാസുരവും, ആറാം തമ്പുരാനും, ഉസ്താദും, നരസിംഹവും പോലത്തെ ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകൾ രചിച്ച രഞ്ജിത് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇന്ന് ഈ ചിത്രം റിലീസ് ആയതിന്റെ ഇരുപതു സുവർണ്ണ വർഷങ്ങൾ ആഘോഷിക്കുമ്പോൾ സന്തോഷം പങ്കു വെച്ച് കൊണ്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടൂ വന്നിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ രാവണൻ കീഴടക്കിയിരിക്കുകയാണ്. എവിടെ നോക്കിയാലും മോഹൻലാൽ കഥാപാത്രങ്ങളായ മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മാത്രം. 2001 എന്ന വർഷത്തിലെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയിരുന്നു രാവണപ്രഭു. ഇയർ ടോപ്പർ ആയതിനു പുറമെ അന്നത്തെ റെക്കോർഡ് ഇനിഷ്യൽ കളക്ഷനും ഈ ചിത്രം നേടിയെടുത്തു.
35 തീയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം എല്ലാ റിലീസ് കേന്ദ്രങ്ങളിലും അമ്പതു ദിവസവും 17 കേന്ദ്രങ്ങളിൽ 75 ദിവസവും 13 കേന്ദ്രങ്ങളിൽ നൂറു ദിവസവും പിന്നിട്ടു ചരിത്രമായി. റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്ന് മാത്രം അന്നത്തെ കാലത്തു 12 കോടിയോളം രൂപയാണ് രാവണപ്രഭു ഗ്രോസ് കളക്ഷനായി നേടിയത്. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രം അക്ഷരാർത്ഥത്തിൽ കേരളത്തിൽ ട്രെൻഡ് സെറ്റർ ആയി മാറുകയായിരുന്നു. ഇതിലെ മോഹൻലാലിൻറെ കിടിലൻ ഡയലോഗുകളും ആക്ഷനും സൂപ്പർ ഹിറ്റ് ഗാനങ്ങളും പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. മോഹൻലാലിനൊപ്പം വസുന്ധര ദാസ്, സിദ്ദിഖ്, നെപ്പോളിയൻ. മനോജ് കെ ജയൻ, ഇന്നസെന്റ്, രേവതി, രതീഷ്, ജഗതി, വിജയ രാഘവൻ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചു. ഇതിലെ സവാരി ഗിരി ഗിരി എന്ന മോഹൻലാൽ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ഒരുപക്ഷെ മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധിക്കുന്ന ഒരു കംപ്ലീറ്റ് പെർഫോമൻസാണ് രാവണപ്രഭു നമ്മുക്ക് സമ്മാനിച്ചത്. നായകന്റെ പാട്ടും, നൃത്തവും, ആക്ഷനും, തീപ്പൊരി ഡയലോഗുകളും, പ്രണയവും, ഹാസ്യവും ഒപ്പം വൈകാരികമായ രംഗങ്ങളും ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളും നിറഞ്ഞ രാവണപ്രഭു ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന ഒരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.