ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ, തിരക്കേറിയ രചയിതാവാണ് ശ്യാം പുഷ്ക്കരൻ. സാൾട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, അഞ്ചു സുന്ദരികൾ, ഇടുക്കി ഗോൾഡ്, ഇയ്യോബിന്റെ പുസ്തകം, റാണി പദ്മിനി, മായാനദി എന്നീ ചിത്രങ്ങളുടെ സഹരചയിതാവായ ശ്യാം പുഷ്ക്കരൻ, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾ സ്വതന്ത്രമായും രചിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ എഴുതുകയും അതിന്റെ ക്രിയേറ്റിവ് ഡയറക്ടർ ആയി ജോലി ചെയ്യുകയും ചെയ്തിട്ടുള്ള ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ചേർന്ന് നിർമ്മിച്ച ചിത്രങ്ങളാണ് കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽത്തു ജാൻവർ എന്നിവ. ഇപ്പോഴിതാ ശ്യാം പുഷ്ക്കരൻ രചിക്കുകയും സഹനിർമ്മാതാവായി എത്തുകയും ചെയ്യുന്ന പുതിയ ചിത്രമായ തങ്കം പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവർ വേഷമിടുന്ന ഈ ചിത്രം ജനുവരി ഇരുപത്തിയാറിനാണ് എത്തുന്നത്. റിയലിസ്റ്റിക് ചിത്രങ്ങൾ മാത്രമല്ല, എല്ലാത്തരം ചിത്രങ്ങളും ചെയ്യാൻ ആഗ്രഹമുണ്ടെന്നും, ഒരു ത്രില്ലർ ആയി തങ്കം ഒരുക്കിയത് അതിന്റെ ആദ്യ പടിയാണെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. ബാഹുബലിയും ഭീഷ്മ പർവവും ഒക്കെ കണ്ടപ്പോൾ അതുപോലെ ഒക്കെയുള്ള ഒരു മാസ്സ് ചിത്രം ചെയ്യാൻ ആഗ്രഹം തോന്നി എന്നും, അതുപോലൊരു മാസ്സ് ചിത്രം ദിലീഷ് പോത്തനൊപ്പം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും ശ്യാം പുഷ്ക്കരൻ പറയുന്നു. ഇപ്പോൾ ചർച്ചകൾ നടക്കുന്ന ആ ചിത്രത്തിന്റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ശ്യാം പുഷ്ക്കരൻ പറഞ്ഞു. നവാഗതനായ സഹീദ് ആണ് തങ്കം സംവിധാനം ചെയ്തിരിക്കുന്നത്.