ജനപ്രിയ നായകൻ ദിലീപ്, സിദ്ദിഖ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത രചയിതാവും സംവിധായകനുമായ വ്യാസൻ കെ പി ഒരുക്കിയ ചിത്രമാണ് ശുഭരാത്രി. കഴിഞ്ഞ ശനിയാഴ്ച റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരുടേയും ചലച്ചിത്ര നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നന്മ നിറഞ്ഞ, ഒരു സന്ദേശം പ്രേക്ഷകർക്ക് നൽകുന്ന ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം വ്യാസൻ കെ പി ഒരുക്കിയിരിക്കുന്നത്. ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് രചയിതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ ആണ്. ശുഭരാത്രി ഉള്ളിൽ തൊട്ടു എന്നാണ് അദ്ദേഹം പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “‘എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അരോമ മോഹന്‍ നിര്‍മ്മാണ പങ്കാളിയായ, വ്യാസന്‍ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി കണ്ടു. ഉള്ളില്‍ തൊട്ടു. നെറികെട്ട നമ്മുടെ കാലത്തോട് സൗമ്യമായി എന്നാല്‍ തീഷ്ണമായി പറയേണ്ട ചിലത്, പലരും പറയാന്‍ മടിക്കുന്ന ചിലത്, വ്യാസന്‍ പറഞ്ഞിരിക്കുന്നു. സഹജീവികളോടുള്ള കരുണയില്‍ ദൈവത്തെ കാണുന്നതാണല്ലോ എല്ലാ മതങ്ങളുടെയും പൊരുള്‍. ആ അകപ്പൊരുളിന്റെ ചെറുതായുള്ള വീണ്ടെടുപ്പാണ് വ്യാസന്റെ സിനിമ. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും നന്നായി. പ്രതിഛായയോ താരപരിവേഷമോ നോക്കാതെ, കഥാപാത്രത്തിന്റെ അകക്കാമ്പ് കണ്ടറിഞ്ഞ് കൃഷ്ണനായി മാറിയ, അയാളുടെ ധര്‍മ്മസങ്കടങ്ങളെ നമ്മുടേതാക്കി മാറ്റിയ ദിലീപിനോട് നന്ദി.സിദ്ദിഖ് നിങ്ങളെന്തൊരു നടനാപ്പാ, ഓരോ സിനിമയും ഓരോ വിസ്മയമാകുകയാണ്. സിദ്ദിഖ്, വ്യാസന്‍ അഭിനന്ദനങ്ങള്‍ സ്‌നേഹം ആശ്ലേഷം”.