കണ്ണും മനസ്സും നിറക്കുന്ന സിനിമാനുഭവം; ശുഭരാത്രിയെ പ്രശംസിച്ച് എം പദ്മകുമാർ..!

Advertisement

ഈ കഴിഞ്ഞ ശനിയാഴ്ച നമ്മുടെ മുന്നിൽ എത്തിയ മലയാള ചിത്രമാണ് വ്യാസൻ കെ പി സംവിധാനം ചെയ്ത ശുഭരാത്രി. സംവിധായകൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രം അരോമ മോഹൻ, എബ്രഹാം മാത്യു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജനപ്രിയ നായകൻ ദിലീപും, സിദ്ദിഖും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് അനു സിതാര ആണ്. വളരെ മനോഹരമായ രീതിയിൽ ഒരു സംഭവ കഥയ്ക്ക് വെള്ളിത്തിരയിൽ രൂപം നൽകിയിരിക്കുന്ന ശുഭരാത്രിയെ തേടി ഇപ്പോൾ പ്രേക്ഷകരുടെ മാത്രമല്ല, മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ എത്തുകയാണ്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, എം പദ്മകുമാർ എന്നിവർ ശുഭരാത്രിക്കും ദിലീപിനും സിദ്ദിഖിനും വ്യാസൻ കെ പി ക്കും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

പ്രശസ്ത സംവിധായകൻ എം പദ്മകുമാർ പറയുന്നത് കണ്ണും മനസ്സും നിറക്കുന്ന ഒരു സിനിമാനുഭവം ആണ് ശുഭരാത്രി എന്നാണ്. അദ്ദേഹം ശുഭരാത്രിയെ കുറിച്ച് പറയുന്നതിങ്ങനെ, ” ഒരു കലാസൃഷ്ടിക്ക് നമ്മുടെ കണ്ണുനിറയിക്കാനാവുന്നത് എപ്പോഴാണ്? ഒന്നുകിൽ ദുരന്തത്തിന്റെ ഉള്ളുലയ്ക്കുന്ന നേർക്കാഴ്ച. അതല്ലെങ്കിൽ നിസ്സീമമായ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ ആഴം. ആദ്യത്തേത് എത്രയും പെട്ടന്ന് നമ്മൾ മറക്കാനാഗ്രഹിക്കുമെങ്കിൽ രണ്ടാമത്തെ അനുഭവം കാലങ്ങളോളം നമ്മുടെ മനസ്സിൽ അലയടിച്ചു കൊണ്ടേയിരിക്കും. അത്തരം ഒരനുഭവം. ഈ കണ്ണും മനസ്സും എന്നെന്നും ഇങ്ങനെ നിറഞ്ഞിരിക്കട്ടെ എന്നു നമ്മളാഗ്രഹിച്ചു പോകുന്ന ഈ അനുഭവം സമ്മാനിച്ച സിനിമയാണ് ശുഭരാത്രി. ഇന്നത്തെ കാലം ആഗ്രഹിക്കുന്ന, ആവശ്യപ്പെടുന്ന സിനിമ. അത്തരം ഒരു കല സൃഷ്ടിക്കാനായി എന്നതിൽ കവിഞ്ഞ് വ്യാസൻ എന്ന കഥാകാരൻ കൂടിയായ സംവിധായകനും നിർമാതാക്കളായ അരോമ മോഹനും എബ്രഹാം മാത്യുവിനും മറ്റെന്തഭിമാനിക്കണം. നന്മയുടെ തിരുമുറ്റത്ത് പ്രേക്ഷകനെ കൈപിടിച്ചു നടത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരായ സിദ്ദിഖിനും ദിലീപിനും ഛായാഗ്രാഹകനായ ആൽബിക്കും സംഗീതം കൊണ്ട് ഹൃദയത്തെ ആർദ്രമാക്കിയ ബിജിക്കും ബാക്കി എല്ലാ മുന്നണി പിന്നണി പ്രവർത്തകർക്കും സ്നേഹം മാത്രമേയുള്ളു ആശംസിക്കാൻ”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close