
മഹേഷിന്‍റെ പ്രതികാരം, ടേക്ക് ഓഫ്.. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും മലയാള സിനിമ പ്രേക്ഷകര്‍ കൈ നീട്ടി സ്വീകരിച്ച രണ്ടു ചിത്രങ്ങള്‍. ഫഹദ് ഫാസില്‍ എന്ന നടന്‍റെ മികച്ച പ്രകടനം ഇരു സിനിമകളുടെയും നട്ടെല്ല് ആയിരുന്നു. മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫര്‍ ആയും മനോജ് എബ്രഹാം എന്ന ഇന്ത്യന്‍ അംബാസിഡര്‍ ആയും കയ്യടക്കമുള്ള പ്രകടനമാണ് ഫഹദ് ഫാസില്‍ ഈ ചിത്രങ്ങളില്‍ കാഴ്ച വെച്ചത്.
വീണ്ടും ഒരു ഫഹദ് ഫാസില്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇത്തവണ കോമഡി എന്‍റര്‍ടയിനറുമായാണ് ഫഹദിന്‍റെ വരവ്. റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് നാളെ വമ്പന്‍ റിലീസ് ആയി എത്തും. കേരളത്തില്‍ മാത്രം 110 ല്‍ അധികം സ്ക്രീനുകളില്‍ ആണ് നാളെ റോള്‍ മോഡല്‍സ് എത്തുക. ഫഹദ് ഫാസിലിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നു കൂടെയാണ് ഇത്.
മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമ കൂടെയാണ് റോള്‍ മോഡല്‍സ്. സൌബിന്‍ ഷാഹിര്‍, നമിത പ്രമോദ്,, ഷറഫുദ്ദീന്‍ (ഗിരിരാജന്‍ കോഴി), ശ്രീന്ദ അര്‍ഹാന്‍, രോഹിണി, സീത തുടങ്ങിയ വലിയൊരു താരനിരയും ഈ സിനിമയില്‍ ഒന്നിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പെ റിലീസ് ചെയ്ത റോള്‍ മോഡല്‍സിലെ പാട്ടും കഴിഞ്ഞ ദിവസം എത്തിയ ട്രൈലറും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാത്തവയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസവും ടീസര്‍ നേടി. സിനിമ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരുമോ ഇല്ലയോ എന്നു കാത്തിരുന്ന് കാണാം.