ജോസഫിന് പ്രശംസയുമായി ഋഷിരാജ് സിങ്ങും; ചിത്രം മികച്ച വിജയത്തിലേക്ക്..!

Advertisement

ജോജു ജോർജിനെ നായകനാക്കി എം പദ്മകുമാർ ഒരുക്കിയ ജോസഫ് എന്ന ത്രില്ലെർ ചിത്രത്തിന് ലഭിക്കുന്ന പ്രശംസകൾ അവസാനിക്കുന്നില്ല. മലയാള സിനിമാ ലോകത്തു നിന്നും നിരൂപകരിൽ നിന്നും സാധാരണ പ്രേക്ഷകരിൽ നിന്നുമെല്ലാം ലഭിക്കുന്ന പ്രശംസകൾക്കു പുറമെ ഇപ്പോഴിതാ ഋഷിരാജ് സിങ്ങും ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്. ഫ്ലാഷ് ബാക്കുകളുടെ ഉയരങ്ങളിൽ ഒരു സിനിമാകഥ എന്ന പേരിലാണ് ഋഷിരാജ് സിംഗ് ജോസഫിന് നിരൂപണം നൽകിയിരിക്കുന്നത്.

സാധാരണയായി ഒരു സിനിമയിൽ ഒന്നോ രണ്ടോ ഫ്ളാഷ് ബാക്കുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും എന്നാൽ ഈ സിനിമയിൽ മൂന്ന്- നാല് തവണ ഫ്ളാഷ് ബാക്കുകൾ നമ്മുടെ മുമ്പിൽ വരുന്നു എന്നും അദ്ദേഹം പറയുന്നു. ഡയറക്ടറുടെയും എഡിറ്ററുടെയും കഴിവാണ് ഇതെന്നും ഇത് കാണികളെ ആകർഷിച്ചിട്ടുമുണ്ട് എന്നതും അദ്ദേഹം എടുത്തു പറയുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളിൽ വളരെ ഉയർന്ന നിലവാരത്തിലുള്ള സിനിമ എന്ന് ജോസഫിനെ വിശേഷിപ്പിക്കാൻ സാധിക്കും എന്നാണ് ഋഷിരാജ് സിങ് പറയുന്നത്. ചെറിയ ബഡ്ജറ്റിലുളള സിനിമയാണെങ്കിലും അതിന്റെ സ്ക്രിപ്റ്റ് മികച്ചതായിരുന്നാൽ സിനിമ വിജയിക്കുമെന്നും വലിയ താരപരിവേഷം ഉള്ള നടന്മാർ അഭിനയിച്ചാൽ മാത്രമേ സിനിമ വിജയിക്കൂ എന്ന ധാരണ ഈ സിനിമ കണ്ടാൽ മാറി കിട്ടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

ഇന്ത്യയിൽ ആരോഗ്യ മേഖലയിൽ ചിലർ പണത്തിനുവേണ്ടി എന്തും കച്ചവടം ചെയ്യുന്നതാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടാലും കുഴപ്പമില്ല കാശ് കിട്ടിയാൽ മതി എന്ന് വിചാരിക്കുന്നവർ നമ്മുടെ നാട്ടിലും ഉണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നാണ് ഈ സിനിമ കാണിക്കുന്നത് എന്നതും അദ്ദേഹം ചൂണ്ടി കാട്ടുന്നുണ്ട്. ഇതിലെ മുഖ്യ കഥാപാത്രം ആയി മികച്ച രീതിയിൽ അഭിനയിച്ച ജോജു സിനിമയുടെ വിജയത്തിന് വലിയ കാരണം ആയി എന്നും അദ്ദേഹം പറയുന്നു. അത്‌പോലെ ദിലീഷ് പോത്തൻ, ജെയിംസ് എലിയ, ഇർഷാദ് , സുധി കോപ, ആത്മീയ, മാധുരി എന്നിവർ അവരുടെ കഴിവ് അനുസരിച്ച് നന്നായി അഭിനയിച്ചിട്ടുണ്ട് എന്നും രൻജൻ രാജിന്റെ സംഗീതം വളരെ മനോഹരമായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതത്തെയും ഋഷി രാജ് സിങ് പ്രശംസിച്ചു. ജോസഫ് സിനിമയുടെ ഏറ്റവും വലിയ താരം അതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ഷാഹി കബീർ ആണ് എന്നും ശിക്കാർ, വാസ്തവം തുടങ്ങിയ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള പത്മകുമാറിന് വളരെ നല്ല രീതിയിൽ ആ തിരക്കഥ സംവിധാനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എല്ലാ പേരും കുടുംബസമേതം ജോസഫ് കാണേണ്ടതാണ് എന്ന് പറഞ്ഞാണ് തന്റെ വിശദമായ നിരൂപണം അദ്ദേഹം അവസാനിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close