ഓസ്കാർ അവാർഡ് നേടിയ മലയാളിയായ റസൂൽ പൂക്കുട്ടി സംവിധായകനായും അരങ്ങേറാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം ഹിന്ദിയിൽ ആയിരിക്കും. അതിനു ശേഷം മലയാളത്തിൽ ഒരു ചിത്രം ഒരുക്കാനുമുള്ള തിരക്കഥ പൂർത്തിയായി കഴിഞ്ഞു. എന്നാൽ റസൂൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മറ്റൊന്നിന്റെ പേരിലാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ വെബ് സീരിസും സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് റസൂൽ പൂക്കുട്ടി. ഈ വെബ് സീരിസിൽ നായകനായി എത്തുന്നത് ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ആണ്. ഒരു യു എസ് കമ്പനിയാണ് ഈ ചിത്രം നിർമിക്കുന്നത് എന്നും കരാർ നടപടി ക്രമം പൂർത്തിയാവാനുണ്ട് എന്നും റസൂൽ പറയുന്നു.
ഏറെ രസകരമായ ഒരു പ്രമേയം ആണ് ഈ വെബ് സീരിസ് കൈകാര്യം ചെയ്യുന്നത് എന്നും മോഹൻലാലുമായി ഒരു തവണ കൂടിക്കാഴ്ച നടത്തി എന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ നാൽപ്പത്തിയഞ്ച് ദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ നൽകിയിരിക്കുന്നത്. മോഹൻലാൽ ആദ്യമായാണ് ഒരു വെബ് സീരിസിൽ അഭിനയിക്കാൻ പോകുന്നത്. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും ഇപ്പോൾ ഒരു വെബ് സീരിസിൽ അഭിനയിക്കാൻ പോവുകയാണ്. സെയ്ഫ് അലി ഖാൻ, മാധവൻ എന്നിവർ നേരത്തെ തന്നെ വെബ് സീരിസിന്റെ ഭാഗം ആയിരുന്നു. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും ഒരു വെബ് സീരിസിന്റെ പ്ലാനിങ്ങിൽ ആണ്. റസൂൽ പൂക്കുട്ടി അതിനിടക്ക് നായകനായും ഒരു ചിത്രം അഭിനയിച്ചു കഴിഞ്ഞു. ദി സൗണ്ട് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രസാദ് പ്രഭാകർ ആണ്. വരുന്ന ഏപ്രിൽ അഞ്ചിന് ദി സൗണ്ട് സ്റ്റോറി റിലീസ് ചെയ്യും.