അർണബ്- ദ ന്യൂസ് പ്രോസ്റ്റിട്യൂട്; അർണബ് ഗോസ്വാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചു റാം ഗോപാൽ വർമ്മ

Advertisement

ബോളിവുഡ്- തെലുങ്കു സിനിമാ ഇന്ഡസ്ട്രികളിൽ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രശസ്ത സംവിധായകനാണ് രാം ഗോപാൽ വർമ്മ. രംഗീല, സത്യാ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ ഒരുക്കാൻ പോകുന്ന പുതിയ ചിത്രം പ്രശസ്ത മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫുമായ അർണബ് ഗോസ്വാമിയെ കുറിച്ചുള്ളതാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം പങ്കു വെച്ച ട്വീറ്റുകളിലൂടെ വ്യക്തമാക്കി. തന്റെ തീവ്രമായ അവതരണ ശൈലികൊണ്ട് ഒട്ടേറെ ആരാധകരെയും അതോടൊപ്പം വിമർശകരെയും നേടിയെടുത്ത വാർത്താ അവതാരകൻ കൂടിയാണ് അർണബ് ഗോസ്വാമി. ഈ അടുത്തിടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപെട്ടു ബോളിവുഡിലെ വമ്പന്മാർക്കെതിരെ ആരോപണമുയർന്നപ്പോൾ, ബോളിവുഡിനെ കുറിച്ച് ഭയാനകമായ രീതിയില്‍ അര്‍ണബ് ഗോസ്വാമി സംസാരിക്കുന്നത് കേട്ട് താന്‍ ഞെട്ടിയെന്ന് രാം ഗോപാൽ വർമ്മ തന്റെ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.

ബോളിവുഡ് മുഴുവന്‍ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അര്‍ണബ് പറയുന്നത് എന്നും ക്രിമിനല്‍ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ അർണബ് വിശേഷിപ്പിക്കുന്നത് എന്നും രാം ഗോപാൽ വർമ്മ പറയുന്നു. ദിവ്യ ഭാരതി, ജിയാ ഖാന്‍, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള്‍ ഒരേ പോലെ അവതരിപ്പിക്കുന്ന അർണബ് ബോളിവുഡിനെ ഒരു കൊലപാതകിയുടെ രൂപത്തിലാണ് ചിത്രീകരിക്കുന്നതെന്നും രാം ഗോപാൽ വർമ്മ വിശദീകരിക്കുന്നു. ഇങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് തന്നെ, തന്റെ സിനിമയിലൂടെ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം തന്റെ ചിത്രത്തിന്റെ ടൈറ്റിലിന്റെ ടാഗ് ലൈൻ ആയി എന്ത് കൊടുക്കണമെന്ന് ആലോചിച്ചു എന്നും, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് താൻ തീരുമാനിച്ചു എന്നും അദ്ദേഹം പറയുന്നു. രണ്ടും പ്രസക്തമായിരുന്നു എങ്കിലും ഒടുവില്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തന്നെ താൻ തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വീറ്റുകളില്‍ താൻ കുറച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, അര്‍ണബില്‍ നിന്നാണ് ഈ വാക്കുകള്‍ തനിക്കു ലഭിച്ചതെന്നും രാം ഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close